×
Menu
corner

ഖലം

പ്രതിപക്ഷം സാഹിത്യ പതിപ്പ്

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറെ ഇരുട്ട്  നിറഞ്ഞ കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ജനത നേരിട്ടുകൊണ്ടിരിക്കുന്ന കലുഷിതമായ ഈ കൃത്രിമകാലഘട്ടത്തിനു ഒരന്ത്യം ഉണ്ടാകുമെന്നുള്ള പ്രത്യാശ നന്മ അവശേഷിക്കുന്ന മനുഷ്യരിലൂടെ പ്രകടമാകുന്നത് കാണുമ്പോഴാണു ഇനിയുമിനിയും ജീവിക്കണമെന്നുള്ള ആഗ്രഹം മനസിലുണ്ടാകുന്നത്. 

ആദിയിൽ ശബ്ദമുണ്ടായതുകൊണ്ടാണ് ആ വചനത്തിനു തീവ്രതയേറിയത്. അത് തിരിച്ചറിവിലൂടെ സമൂഹത്തിനു കൈവന്നപ്പോൾ ഓരോ കാലഘട്ടത്തിലും സാഹിത്യരൂപങ്ങൾ അതിനു പ്രചോദനമേകി. സ്വാതന്ത്യാനന്തരകാല ചരിത്രത്തിൽ നമ്മുടെ രാജ്യത്ത് നാം കണ്ട ഏറ്റവും വലിയ പ്രതിരോധത്തിൻ്റെ കാലമാണ്, കഴിഞ്ഞ രണ്ടാഴ്ചകളിലെ ദിനങ്ങളായി, കടന്നുപോയത്. അതിൻ്റെ തീ കെടാതെ സൂക്ഷിക്കുക എന്നത് ഓരോ മനുഷ്യസ്നേഹിയുടെയും കടമയാണ്. അത്തരം മുഹൂർത്തങ്ങൾക്ക് തുടർച്ചയുണ്ടാകുന്നതിനായി, അതിനു സാക്ഷ്യം വഹിക്കാനായി, പ്രീയപ്പെട്ട വായനക്കാരുടെ മുന്നിൽ പ്രതീക്ഷയോടെ ഞങ്ങൾ ഒരു ക്രിസ്തുമസ് – പുതുവത്സരസാഹിത്യപ്പതിപ്പ് – ‘ഖലം’ അഭിമാനപൂർവ്വം സമർപ്പിക്കുകയാണു. എല്ലാ വായനക്കാർക്കും നവവത്സരാശംസകൾ

ടീം പ്രതിപക്ഷം

കഥ

സായിപ്പിൻകായ

അയ്മനം ജോൺ
വര: സജിത്ത് എ എസ്

 

നാട്ടിലെ  ഇംഗ്ലീഷ് പള്ളി  സായിപ്പന്മാരുടെ  ഭരണകാലത്ത് പണി കഴിക്കപ്പെട്ടതാണ്.  പള്ളിക്ക് ചുറ്റുമുള്ള  മണൽ മുറ്റത്തിന്റെ  നാല് മൂലകളിലായി  കാണുന്ന മഞ്ഞയരളിമരങ്ങൾ  പള്ളിയിലെ ആദ്യ കപ്യാരായിരുന്ന  കുഞ്ചെറിയാച്ചേട്ടൻ  നട്ട് വളർത്തിയ ആദ്യത്തെ നാല് മഞ്ഞയരളി മരങ്ങളുടെ അനന്തരതലമുറയുമാണ് .
പള്ളിയിലെ ആദ്യത്തെ പാതിരിയായിരുന്ന നിക്കോൾസൺ സായിപ്പ് പറഞ്ഞിട്ടായിരുന്നു അന്ന് കുഞ്ചെറിയാച്ചേട്ടൻ ആ  മഞ്ഞയരളിമരങ്ങൾ നാലും അവിടെ നട്ടുപിടിപ്പിച്ചത് . മഞ്ഞയരളിമരങ്ങൾ തന്നെയാണ് അവിടെ നടേണ്ടതെന്നൊന്നും പാതിരി  പറഞ്ഞിരുന്നില്ല.
‘ഫലവൃക്ഷങ്ങൾ ഒഴികെ നിനക്കിഷ്ടമുള്ള നാടൻ മരങ്ങളേതെങ്കിലും’  നാല് കോണുകളിലായി നട്ട് പിടിപ്പിക്കാൻ  മാത്രമായിരുന്നു പാതിരിയുടെ നിർദ്ദേശം.
“അതെന്താ  ഫാദറെ ഫലവൃക്ഷങ്ങൾ പാടില്ലാത്തത്?”
എന്ന്  കുഞ്ചെറിയാച്ചേട്ടൻ    ചോദിച്ചപ്പോൾ  തിന്നാൻ കൊള്ളാവുന്ന  കായ്കനികളുണ്ടാകുന്ന വൃക്ഷങ്ങൾ നട്ടാൽ അതൊക്കെ കായ്ക്കാൻ തുടങ്ങിയാൽ , ആരാധനയുടെ നേരങ്ങളിലും പള്ളിയിൽ നിൽക്കുന്ന വിശ്വാസികളുടെ  കണ്ണുകൾ ഇടയ്ക്കിടെ  ആ കായ്കനികളിലേക്ക് തെന്നി മാറിക്കൊണ്ടിരിക്കും എന്നൊരുത്തരമാണ് ഫാദർ നിക്കോൾസൺ നൽകിയത്.
ഏതുനേരവും  വിലക്കപ്പെട്ട കനികളിലേക്ക്  നോട്ടംപോകുന്ന  ഒരുബലഹീനത  ഉൽപ്പത്തി മുതൽക്ക്  തന്നെ  മനുഷ്യന്റെ കണ്ണുകൾക്ക്  ഉള്ളതാണല്ലോ എന്നും കൂടി ചെറുതായി കണ്ണിറുക്കിക്കാട്ടിക്കൊണ്ട് സായിപ്പ്  പറയുകയുമുണ്ടായത്രെ!

നാട്ടിലെങ്ങും സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന ഒരു  കാലയളവിലാണ്  ഇതൊക്കെ നടന്നത്. അന്ന് യൗവ്വനക്കാരനായിരുന്ന കുഞ്ചെറിയാച്ചേട്ടനും സ്വാതന്ത്ര്യസമരത്തോട് ഉള്ളാലെ അനുഭാവം ഉണ്ടായിരുന്നുവെങ്കിലും ഒരിംഗ്ലീഷ് പള്ളിയിലെ കപ്യാരായ തനിക്ക് അതെങ്ങനെ പ്രകടിപ്പിക്കാൻ സാധിക്കും എന്നറിയാതെ ഉഴറി നടക്കാനേ സാധിച്ചിരുന്നുള്ളൂ. ഏതായാലും ആ  സമയത്താണ്  സായിപ്പ്   ആ മരങ്ങൾ നടാനുള്ള കൽപ്പന കൊടുത്തത്. അതുകൊണ്ട് തനിക്ക് പറയാനുള്ളത് ആ മരങ്ങളിലൂടെയെങ്കിലും  പറയണം എന്ന് കൽപ്പന കേട്ട പാടെ കുഞ്ചെറിയാച്ചേട്ടൻ നിശ്ചയിക്കുകയായിരുന്നു.

അങ്ങനെയാണ്  – സ്വാതന്ത്രലബ്ധിക്ക് ശേഷം സായിപ്പ് നാട് വിടുന്നതോടെ നാട്ടുകാർക്ക് സ്വന്തമാക്കാൻ പോകുന്ന ഒരു പള്ളിയെ മനസ്സിൽ  കണ്ടു കൊണ്ട് ചേട്ടൻ അവിടെ  നടാൻ മഞ്ഞയരളിമരങ്ങൾ   തന്നെ  തെരഞ്ഞെടുത്തത്. ചേട്ടനതിന് പറഞ്ഞ കാരണം രസാവഹമായിരുന്നു. മഞ്ഞയരളിമരത്തിൻ്റെ കായ്കൾ അക്കാലം തന്നെ നാട്ടിലെങ്ങും സായിപ്പിൻകായ എന്ന  പേരിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു.  തൊപ്പി വച്ച തലയുടെ ആകൃതിയുള്ള ആ കായകൾ  പറിച്ചെടുത്ത്  അതിന്മേൽ കണ്ണും മൂക്കും  വരച്ച് ചേർത്ത  ശേഷം   ഈർക്കിലിക്കഷണങ്ങൾക്ക് മേൽ  കുത്തി നിർത്തി തരാതരം ഉടുപ്പുകളുമണിയിച്ചിട്ട്  അതൊക്കെ സായിപ്പിന്റെ   കോലങ്ങളാക്കി കുട്ടികളെല്ലാം  കൊണ്ടു  നടക്കാനും തുടങ്ങിയിരുന്നു.

പള്ളിയിലേക്ക് വരുന്ന വരും തലമുറകളിലെ  കുട്ടികളും അത് പോലെ തന്നെ  സായിപ്പിന്റെ കോലങ്ങളുണ്ടാക്കി കളിച്ച് സാമ്രാജ്യത്യ വിരുദ്ധരായി  വളരട്ടെ എന്നൊരാഗ്രഹം  ഉള്ളിൽ വച്ചു  കൊണ്ടായിരുന്നു  സൂത്രശാലിയായിരുന്ന കുഞ്ചെറിയാച്ചേട്ടൻ പള്ളിക്ക് ചുറ്റും ആ മരങ്ങൾ തന്നെ വച്ച് പിടിപ്പിച്ചത്.
കാലാന്തരത്തിൽ  – ഇന്ത്യ സ്വതന്ത്രമാകുകയും   സായിപ്പ് ഇംഗ്ലീഷ് പള്ളി വിട്ട്  കപ്പൽ കയറിപ്പോകുകയും അതിനൊക്കെയൊപ്പം  ചേട്ടനും പ്രായമേറി വൃദ്ധനാകുകയുമൊക്കെ  ചെയ്ത് കഴിഞ്ഞിരുന്ന മറ്റൊരു കാലത്തായിരുന്നു  – കുട്ടികൾക്കുള്ള  വക്കേഷൻ ബൈബിൾ ക്ലാസ്സിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് പള്ളിയിൽ എത്തിയ ഞങ്ങളെ  കുഞ്ചെറിയാച്ചേട്ടൻ  കൂട്ടിക്കൊണ്ടു പോയി  സായിപ്പിൻകായ  പരിചയപ്പെടുത്തിയിട്ട്  ഇപ്പറഞ്ഞ പഴംപുരാണമൊക്കെ പറഞ്ഞു കേൾപ്പിച്ചത്. അന്നതൊക്കെ  വായ് പൊളിച്ച് കേട്ട് നിന്ന നേരത്ത് പള്ളിമുറ്റത്ത് ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചാലുള്ളതിന്റെ ദോഷം കണ്ടെത്തിയ  സായിപ്പിന്റെ ലളിത ബുദ്ധിയോടും  പകരം മഞ്ഞയരളിമരങ്ങൾ  വച്ച് പിടിപ്പിക്കാൻ തീരുമാനിച്ച  കുഞ്ചെറിയാച്ചേട്ടൻ്റെ കാഞ്ഞ ബുദ്ധിയോടും എനിക്ക് വലിയ ബഹുമാനമനുഭവപ്പെട്ടിരുന്നു .

എന്നാൽ ഇന്നാലോചിക്കുമ്പോൾ കുഞ്ചെറിയാച്ചേട്ടൻ ചെയ്തത് ബുദ്ധിമോശമായിപ്പോയോ എന്നെനിക്ക് തോന്നിപ്പോകുന്നു. നാളെയെന്നെങ്കിലും സായിപ്പ്  പള്ളിയ്ക്കുമേൽ  അവകാശമുന്നയിച്ചുകൊണ്ടു  വരികയാണെങ്കിൽ പള്ളിയുടെ തച്ചുശാസ്ത്രത്തിന് പുറമെ ആ മഞ്ഞയരളിമരങ്ങളുടെ കായ സായിപ്പിൻകായ എന്നറിയപ്പെടുന്നത് കൂടി സായിപ്പിന് അനുകൂലമായ  തെളിവായി സ്വീകരിക്കപ്പെട്ടേക്കുമോ  എന്നാണെൻ്റെ ഭയം .

കവിത

കുത്തബുദ്ധീൻ മാഷിന് ഒരാശംസാ ഗാനം
പി.രാമൻ

വര രാജേഷ് രാഘവൻ

കുത്തബ് മാഷൊരു സുഹൃത്തു-
മൊത്തിതാ പുറപ്പെടുന്നു
മക്കയിലേക്കുമ്ര ചെയ്യാൻ
ഭക്തി മാർഗ്ഗത്തിൽ

പോണ വഴിക്കേറെയുള്ള
മോഹനമാം കാഴ്ചകളിൽ
മേഞ്ഞിടാതങ്ങെത്തുവാന-
ള്ളാഹു കാക്കട്ടെ.

സൗദിയിലാകുന്നു മക്ക –
യെന്നതെപ്പോഴും മനസ്സി-
ലോർമ്മയുണ്ടാവണേയിവർ –
ക്കവിടെച്ചെന്നാൽ.

കൂർത്ത നോക്കും, പാവമാമാ –
ത്താടിമാഷെപ്പാര വെച്ച
വാക്കുകളും പൊറുത്തീശൻ
കാത്തുകൊള്ളട്ടെ.

അരക്കൊല്ലപ്പരീക്ഷയ്ക്ക –
ങ്ങരമണിക്കൂർ വൈകിയെത്തും
രാമമ്മാഷെയോർത്തു ഖേദി –
ച്ചിരുന്നിടാതെ,

ചോറ്റുപാത്രമെടുക്കാതെ
വീട്ടിൽ നിന്നും പോന്ന നമ്മുടെ
കുട്ടികളെക്കുറിച്ചോർത്തു
വിഷമിക്കാതെ,

പുതുവർഷത്തിനെ നാസിക് –
ഡോലടിച്ചു വരവേൽക്കാ-
നൊരുങ്ങും മക്കളെയോർത്തു
കുലുങ്ങിടാതെ,

അവിടെച്ചെന്നിതേപ്പറ്റി
മനസ്സു പുണ്ണാക്കിടാതെ
മഹനീയ പുണ്യകർമ്മ –
മനുഷ്ഠിച്ചോളൂ

മനസ്സതിൽ മാത്രമായി
മുഴുകാൻ പ്രാർത്ഥിക്കണേ,യി –
ങ്ങിരിപ്പുണ്ടുസ്കൂളു നോക്കാൻ
ഞങ്ങളൊക്കേയും.

നിങ്ങളില്ലാത്ത കുറവു
സുജിതട്ടീച്ചർ നികത്തീ
ഇന്നലെക്കഴിഞ്ഞ രക്ഷാ –
കർതൃ യോഗത്തിൽ

നിങ്ങൾ ചെയ്യും പോലെ തന്നെ
കയ്യുയർത്തീ,കണ്ണുരുട്ടീ,
താഴെ വീണ കൺമണികൾ
പെറുക്കി വെച്ചു.

പത്നിയെ, കുട്ടികളേയും
കൂട്ടിടാതെ സുഹൃത്തിന്റെ –
യൊപ്പമാണുമ്രചെയ്യാനായ്
പോയതെന്നാലും

കുടുംബത്തിലുള്ളവർക്കു –
മനുഗ്രഹമരുളട്ടേ
പടച്ചോ, നവരെ നാളെ
കൊണ്ടു പോകട്ടെ

ഉമ്ര ചെയ്തു തിരിച്ചെത്തി –
ക്കഴിഞ്ഞാൽ മാൻകുട്ടിപോലെ
ശാന്തനായ് കുത്തബുമാഷു-
സ്കൂളിലേക്കെത്തും.

എന്നു സ്വപ്നം കണ്ടിവിടെ –
യിരിപ്പുണ്ടു ചിലരൊക്കെ
അവർക്കായ് സിംഹമായ്ത്തന്നെ
തിരിച്ചെത്തണേ

എങ്കിലുമതിനു മുമ്പു
നിലാവത്താ മരുഭൂമി-
കൺനിറയെക്കണ്ടു മന-
സ്സാർദ്രമാക്കണേ.

ഉമ്ര തൻ പുണ്യത്തിലൽപ്പം
നമുക്കും കൊണ്ടന്നു നൽകും
പിന്നെ നൽകും വിരുന്നെന്നും
കൊതിപ്പൂ ഞങ്ങൾ

നാലുനാളു മുമ്പു നിങ്ങൾ
പോയ നാടല്ലതിനേക്കാൾ
ആളിയാളിക്കത്തിടുന്നീ
നാട് ചങ്ങാതീ.

മനുഷ്യന്റെ മനസ്സിലെ –
യതിരുകൾ മാഞ്ഞു മാഞ്ഞാ-
ത്തീയടങ്ങാൻ പ്രാർത്ഥനക –
ളിടയാക്കട്ടെ.

അതിനൊക്കെയനുഗ്രഹ-
മരുളട്ടേ പടച്ചോൻ, പോയ്
വരുവോളം യാത്ര നീളെ
സുഖമാവട്ടെ

കവിയുടെ ശബ്ദത്തിൽ കവിത ഇവിടെ ആസ്വദിക്കാം

കഥ

ഹംഗർ ആർടിസ്റ്റ്

കെ വി പ്രവീണ്‍ 
വര: സജിത്ത് എ എസ്

 

“‘വിശപ്പ്‘ എന്ന ചിത്രപരമ്പരയിലൂടെ പ്രശസ്തനായ ശ്രീ രവിരാജയാണ് ഇന്നത്തെ നമ്മുടെ അതിഥി. കലാസ്വാദകർക്കിടയിൽ ‘ആർടിസ്റ്റ്’ എന്നു മാത്രം അറിയപ്പെടുന്ന അദ്ദേഹം തന്റെ രോഗസ്ഥിതി കണക്കിലെടുക്കാതെയാണ് ഇന്നിവിടെ നമുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. അതിന് അദ്ദേഹത്തോടുള്ള കൃതജ്ഞത ആദ്യമേ തന്നെ അറിയിക്കട്ടെ.“ നിരോഷ് മനോഹർ എന്ന് പേരുള്ള ആങ്കർ വാക്കുകളിൽ ഉത്സാഹം കോരി നിറച്ചു കൊണ്ട് ക്യാമറയിലേക്ക് നോക്കി പറഞ്ഞു.

പച്ച നിറത്തിലുള്ള പരുക്കൻ ജൂബയും, വെളുത്ത താടിയും, കണ്ണടയുമായി സ്റ്റുഡിയോയിൽ ഇരിക്കുന്ന തനിക്ക് അന്ന് രോഗം കലശലായിരുന്നോ? ഇപ്പോള്‍ ടി വി യിലേക്ക് കണ്ണു കൂർപ്പിച്ചിരിക്കുന്ന ആർട്ടിസ്റ്റിന് തീർച്ചയാക്കാനായില്ല. മൂന്ന്‌ വര്‍ഷം മുന്‍പ് ആയിരുന്നല്ലോ അത്.

അഭിമുഖം കണ്ട സുഹൃത്തുക്കളാരെങ്കിലും ഫോണിൽ വിളിച്ച് പരിപാടി നന്നായെന്ന് പറയും. അല്ലെങ്കിൽ നേരിട്ടറിയാത്ത ഏതെങ്കിലും ആസ്വാദകൻ കത്തെഴുതും. രവിരാജയെ പോലെ ഒരു അതിഥിയെ അവതരിപ്പിച്ചതിന് പതിവു പ്രേക്ഷകർ ചാനലിനോട് നന്ദി പറയും. മറ്റ് ചാനലുകാർ സമാനമായ പരിപാടി ചെയ്യാൻ സമയം ചോദിച്ച് വീട്ടിൽ വരും. ഇല്ല, അങ്ങനെ ഒന്നുണ്ടായില്ല; ഒരാളും ആ അഭിമുഖത്തെക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്തില്ല. ഒരു ഗോത്രകാല ഭാഷ പോലെ അത് മറവിയിലാണ്ടു പോയി.

സത്യത്തിൽ തന്റെ ചിത്രങ്ങളെക്കുറിച്ച് ആർട്ടിസ്റ്റിനുള്ള ബോധ്യം ശരി വക്കുന്നതായിരുന്നു അഭിമുഖത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം. അതു തന്നെയാണ് റിക്കോര്‍ഡ് ചെയ്ത ആ പ്രോഗ്രാം ഒന്നു കൂടെ കാണാൻ ഇന്ന് അയാളെ പ്രേരിപ്പിച്ചത്. മരിച്ചുവെന്ന് സംശയമുള്ള ഒരാളുടെ നാഡി മിടിപ്പ് പരിശോധിച്ച് മരണം ഉറപ്പു വരുത്തുന്നതു പോലെ.

മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നിരന്തരം വരച്ചു കൊണ്ടിരിക്കുന്ന പ്രതിഭാശാലികള്‍ക്കു തന്നെ കാലത്തെ അതിജീവിക്കാനാവുന്നില്ല. അപ്പോഴാണ് വര്‍ഷങ്ങളായി ഒരു ചിത്രം പോലും പൂർത്തിയാക്കാത്ത താൻ. ശൂന്യമായ കാൻവാസിലേക്ക് നോക്കുമ്പോഴെല്ലാം ഒരുതരം മരവിപ്പ് വിരലുകളെ ഗ്രസിക്കും. ഒരു വര പോലും കോറിയിടാൻ മടിക്കും. പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്ക മരണത്തിന്റെ തോളിലേറി വരും. കുന്നിൻ മുകളിൽ നിന്ന് ഉരുട്ടി വിട്ട കല്ല് താഴെ എത്താറായിക്കഴിഞ്ഞിരിക്കുന്നു. വേഗമാണെങ്കിൽ കൂടിക്കൂടി വരികയും.

അനുദിനം ഭാരം കുറഞ്ഞു കൊണ്ടിരിക്കുന്ന, ഒരു ചുളളിക്കമ്പു പോലെ ലഘുവായി തോന്നുന്ന ശരീരം ആര്‍ട്ടിസ്റ്റ് ചൂരൽ കസേരയിലേക്ക് കുറച്ചു കൂടി ഇറുക്കിയിരുത്തി. കർട്ടൻ അല്പം മാറ്റിയിട്ട ഫ്ലാറ്റിന്റെ ഇടുങ്ങിയ ജനലിലൂടെ ഈർപ്പം നിറഞ്ഞ, നരച്ച ആകാശം കാണാം.

“കലാകാരന്മാരുടെ പേരില്‍ മ്യൂസിയങ്ങളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ആളാണല്ലോ താങ്കള്‍. സത്യത്തില്‍ കൂടുതല്‍ ജനങ്ങളിലേക്ക് കലാകാരന്റെ സൃഷ്ടികള്‍ എത്തിക്കാനല്ലേ ഇത്തരം സ്മാരകങ്ങള്‍ ഉപകരിക്കുക? അതിനെ എതിര്‍ക്കേണ്ട കാര്യമുണ്ടോ?” ആങ്കര്‍ ചോദിക്കുന്നു.
“ഒരു കലാകാരന്റെ ഏറ്റവും നല്ല സ്മാരകം അയാളുടെ സൃഷ്ടികള്‍ തന്നെയാണ്. കലയേക്കാള്‍ കലാകാരന്‍ കൊണ്ടാടപ്പെടുന്ന ദുരന്തത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്.”

“‘വിശപ്പ്’ സീരീസിലെ ചിത്രങ്ങൾ കാഫ്കയുടെ ‘ഹംഗർ ആർടിസ്റ്റ്’ എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണെന്ന് കേട്ടിട്ടുണ്ട്. ‘വിശപ്പി’നെക്കുറിച്ച് കൂടുതല്‍ പറയാമോ?“                                                                                    “‘എനിക്ക് ഇഷ്ടപെട്ട ഭക്ഷണം കിട്ടാത്തതു കൊണ്ടാണ് ഞാന്‍ പട്ടിണി കിടക്കുന്നത്. എനിക്ക് പിടിച്ച ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ ഞാനും മറ്റെല്ലാവരെയും പോലെ വയറു നിറച്ചു കഴിച്ചേനെ’ എന്നാണ് കാഫ്ക എഴുതിയത്. കലാകാരന്റെ ജീവിതം മരണം വരെയുളള ഒരു നിരാഹാര സമരമാണ്—ആ വിഖ്യാത രചന ഞാൻ വായിച്ചത് അപ്രകാരമായിരുന്നു. ‘മ’ എന്നും ‘യ’ എന്നും പേരുള്ള രണ്ടു ചിത്രകാരന്മാരെക്കുറിച്ചായിരുന്നു പരമ്പര. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന അരസികനും, ദുഷ്ടനും, കലാപ്രേമിയെന്ന് മേനി നടിക്കാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരു രാജാവിന്റെ സഭയിലെ രണ്ടു കലാകാരന്മാർ. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കൊടും പട്ടിണിയിലായിരുന്നു. എന്നാല്‍ രാജാവ് അതൊന്നും കാര്യമാക്കാതെ തന്റെ ധൂര്‍ത്തജീവിതം തുടര്‍ന്നു. ഒരിക്കലൊരു അയൽ രാജാവുമായുണ്ടായ തർക്കത്തിനിടെ, രാജ്യത്തെ കലാകാരന്മാർ അയൽ രാജ്യത്തെ കലാകാരന്മാരെക്കാൾ മോശപ്പെട്ടവരാണെന്ന തോന്നലിൽ കുപിതനായ രാജാവ് രാജസഭയിലെ കലാകാരന്മാര്‍ തമ്മിലുള്ള മത്സരം സംഘടിപ്പിക്കുന്നു.

നിശ്ചിത സമയത്തിനുള്ളിൽ വരച്ചു പൂർത്തിയാക്കിയ ചിത്രങ്ങളിൽ മികച്ചതേതെന്ന് രാജാവ് തീരുമാനിക്കും. ഒരു നിമിഷം പോലും വിശ്രമിക്കാതെ, തന്റെ കഴിവുകള്‍ മുഴുവനുമുപയോഗിച്ച് ‘മ’ വരച്ചുണ്ടാക്കിയത് ആ നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രമെന്ന് പില്‍‌ക്കാലത്ത് ആളുകള്‍ വാഴ്ത്തിയ ‘വിശപ്പ്‌‘ എന്ന ചിത്രമായിരുന്നു. പക്ഷെ, രാജാവിന്റെ തിളങ്ങുന്ന ഛായാചിത്രം വരച്ച ‘യ’ വിജയിയായി. പരാജിതനായ ‘മ’ക്ക് മരണം വിധിച്ചു; അവന്റെ കുടുംബത്തിന് ഭ്രഷ്ടും…“

ഇത്രയും വർഷങ്ങൾക്കു ശേഷം ‘വിശപ്പി‘നെക്കുറിച്ചു താൻ തന്നെ സംസാരിക്കുന്നത് കേട്ടപ്പോൾ വിശക്കുന്നുണ്ടെന്ന് തെളിയിക്കാൻ എല്ലുന്തിയ വയർ തൊട്ടു കാണിക്കേണ്ടി വന്ന ഒരുവനെ പോലെ ആര്‍ട്ടിസ്റ്റിന് അപമാനം തോന്നി. ആ അഭിമുഖം ഇനി ഒരിക്കലും താൻ കാണില്ലെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു; ഒരു പക്ഷെ, ആരും ഭാരതി സാരിത്തുമ്പു കൊണ്ട് കൈയും മുഖവും തുടച്ച് അകത്തേക്ക് വന്നപ്പോൾ ആർട്ടിസ്റ്റ് കണ്ണുകളടച്ച് ചാരിക്കിടക്കുകയായിരുന്നു. വിദൂരമായ ഒരു മരുഭൂമിയിൽനിന്നോണം അവളുടെ ശബ്ദം അയാൾ കേട്ടു.

“ഏതോ ഇന്റർവ്യൂവിന്റെ സി ഡി കാണാനില്ലെന്ന് പറഞ്ഞ് രാവിലെ തന്നെ എന്ത് ബഹളമായിരുന്നു? എന്നിട്ടിപ്പോൾ അത് കിട്ടിയപ്പോൾ ഒന്നും കാണുകയും വേണ്ട കേൾക്കുകയും വേണ്ട. വെറുതെ എന്നെ ബുദ്ധിമുട്ടിക്കാൻ ഓരോ കാര്യങ്ങള്.”

താൻ ആ സി ഡി കണ്ടുകൊണ്ടിരിക്കുകയായിരുന്നെങ്കിലും അവള്‍ക്ക് മുറുമുറുക്കാൻ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാകുമായിരുന്നു എന്നോർത്തപ്പോൾ ആർട്ടിസ്റ്റിന് ചിരി വന്നു.

 

പ്രതിഷേധസൂചകമായി ഭാരതി സി ഡി പ്ലെയർ ഡിസ്കണക്റ്റ് ചെയ്ത് ടി വി ചാനൽ തുറന്നു. തേനീച്ച വളർത്തലിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പ്രതികാര സുഖത്തോടെ മുറിക്കകത്ത് മുരണ്ടു. ഭാരതി സോഫയിൽ വന്നിരുന്ന് പാതി മുഴുമിച്ച തലയിണയുറയിൽ പൂക്കൾ തുന്നിച്ചേർക്കാൻ തുടങ്ങി.

“രഘുവിനെ കണ്ടിട്ട് രണ്ടു മൂന്ന് ദിവസമായല്ലോ?”കുറച്ചു നേരം കഴിഞ്ഞപ്പോൾ ആർട്ടിസ്റ്റ് ചോദിച്ചു.
“മകന്റെ കാര്യത്തിൽ താല്പര്യുള്ള ഒരച്ഛൻ!“ ഭാരതി സൂചിയിൽ നൂൽ നീളത്തിൽ കോർത്തെടുത്ത് കൊണ്ട് പറഞ്ഞു. “അടുത്ത മാസം ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് വല്ലതും നിങ്ങൾക്കോർമ്മയുണ്ടോ? അവന്‍ ഏതോ സ്ഥലം കാണാൻ പോയിരിക്കുകാ. അത് എന്തെങ്കിലും ആയിട്ടു വേണം വേറെങ്ങോട്ടെങ്കിലും മാറാൻ.“
“ഓ,“ ആർട്ടിസ്റ്റ് എന്തോ പറയാന്‍ ആഞ്ഞെങ്കിലും പാതിയിൽ നിർത്തി. പുറത്ത് ജനലിനെ തൊട്ടു തൊട്ടില്ലാ എന്ന് മട്ടിൽ കടന്നു പോകുന്ന ഇലക്ട്രിക് കമ്പിയിൽ ഒരു കാക്ക വന്നിരുന്ന് വെള്ളം കുടഞ്ഞ് തെറിപ്പിച്ചു.

രഘുവിന്റെ കുട്ടിക്കാലത്ത് അവനെ ചിത്രംവര പഠിപ്പിക്കാൻ ആർട്ടിസ്റ്റ് ഒരു പാട് ശ്രമിച്ചിരുന്നു. കഴിവുണ്ടായിരുന്നു. പക്ഷെ, വിശദാംശങ്ങളിലുള്ള ശ്രദ്ധക്കുറവും, ഏകാഗ്രതയുടെ അഭാവവും. വിരലുകൾ തേയുന്നതു വരെയുള്ള പരിശീലനക്കളരികളിലൂടെ ആ കുറവുകൾ പരിഹരിക്കാൻ തുനിഞ്ഞത് അതിലും വലിയ വിനയായി. രഘു കലാകാരനായില്ല എന്നു മാത്രമല്ല, ഇന്നിപ്പോള്‍ ആർട്ടിസ്റ്റ് ആണെന്ന ഒറ്റ കാരണം കൊണ്ട് അച്ഛനെ ജീവിതകാലം മുഴുവൻ വെറുക്കുന്നവനായി.

തന്റെ മരണ ശേഷം അവന്‍ ചെയ്യാൻ പോകുന്ന ആദ്യത്തെ കാര്യം എന്താണെന്ന് ആർട്ടിസ്റ്റിന് ഊഹിക്കാം. എല്ലാ പെയിന്റിംഗുകളും ഒന്നൊഴിയാതെ അവൻ വാരി വലിച്ച് പുറത്തിടും. എന്നിട്ട് തീ കൊളുത്തും. ആർത്തിയോടെ തീ കാൻവാസുകളെ വിഴുങ്ങുന്നത് സന്തോഷത്തോടെ നോക്കി നിൽക്കും. ഇനി ഏതെങ്കിലും ഒരു ആസ്വാദകന്‍ വന്ന് എത്ര പണം കൊടുക്കാമെന്ന് പറഞ്ഞാലും അവൻ ആ പെയിന്റിംഗുകൾ വിട്ടു കൊടുക്കില്ല. കാരണം ദുഷിച്ച ഓർമകൾ കത്തിയമർന്ന ആ ചാരമാണ് അവന് പുഴയിലൊഴുക്കേണ്ടത്.

ആ അഭിമുഖം ഇന്നു വീണ്ടും കാണാൻ തീരുമാനിച്ചത് അബദ്ധമായിപ്പോയെന്ന് ആർട്ടിസ്റ്റിനു തോന്നിത്തുടങ്ങി. ഒരു പ്രയോജനവുമില്ലാത്ത ഓർമകളുടെ തിക്കിത്തിരക്ക് അനുഭവിച്ചു കൊണ്ട് അയാൾ ചാരുകസേരയിൽ തളർന്നു കിടന്നു.

യുദ്ധവും ക്ഷാമവും കൊടുമ്പിരി കൊണ്ടിരുന്ന ആ എഴുപതുകളില്‍ കോല്‍ക്കത്തയിലെ തെരുവുകളിൽ വിശപ്പ് ഒരു രൂപകമായിരുന്നില്ല, പൊള്ളുന്ന യാഥാർത്ഥ്യം തന്നെയായിരുന്നു. നാട്ടിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്, കള്ളവണ്ടി കയറി കാളിയുടെ നഗരത്തിൽ ചെന്നിറങ്ങുമ്പോഴുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ പ്രതീക്ഷകൾ മണിക്കൂറുകൾക്കുളിൽ തന്നെ കെട്ടടങ്ങി.

കുമോര്‍ടുളിയിലെ ദീനദയാൽ കലാ സമിതിയുടെ വരാന്തയിലായിരുന്നു കിടപ്പ്; കൂട്ടിനു കൊതുകും തണുപ്പും തെരുവു നായ്ക്കളും. അതിനു തൊട്ടപ്പുറത്തെ മാർക്കറ്റിൽ നിന്ന് സദാ പരന്നിരുന്ന ചീഞ്ഞ പച്ചക്കറികളുടേയും പൂക്കളുടേയും വാട ഇപ്പോഴും തന്റെ മൂക്കിലുണ്ടെന്ന് ആർട്ടിസ്റ്റിനു തോന്നി. രാവിലെ പ്രൊപ്രൈറ്ററും കലാസ്വാദകനുമൊക്കെയായ സന്യാൽജി വന്ന് വതിൽ തുറക്കുമ്പോൾ വിളിച്ചെഴുന്നേല്‍പ്പിക്കും. ചിലപ്പോൾ ഒരു ചായ വരുത്തി പാതിയാക്കും. അകത്തെ മുറി തുറന്ന് ക്യാൻവാസുകളും ചായങ്ങളും പൊടിതട്ടി എടുക്കും. പിന്നെ, കുടലിന്റെ വെറി അടക്കിപ്പിടിച്ചു ക്കൊണ്ട് നിറങ്ങളുമായി മല്ലിട്ടു തുടങ്ങുകയായി.

ദുർഗ്ഗാപൂജ നാളുകളിൽ മാത്രമായിരുന്നു തിരക്ക്. പക്ഷെ ആർട്ടിസ്റ്റിന്റെ ചിത്രങ്ങൾ ആർക്കും അത്ര ബോധിച്ചില്ല. ദേവി ദേവന്മാരുടെ ചിത്രങ്ങളൊന്നുമില്ലേ? അല്ലെങ്കില്‍, അസ്തമയവും ഉദയവും ഹൌറ പാലവും ഗംഗാ നദിയും വരച്ചു കൂടേ നിങ്ങൾക്ക്? ആളുകൾ ചോദിച്ചു. ഒരു ഒത്തുതീർപ്പെന്ന നിലയിൽ ആർട്ടിസ്റ്റ് ദൈവരൂപങ്ങൾ വരച്ചപ്പോഴും ആർട്ടിസ്റ്റിന്റെ രൂപങ്ങൾക്ക് ചൈതന്യമോ രൂപകാന്തിയോ ഇല്ലെന്ന് ആളുകൾ ചൊടിച്ചു. ആർട്ടിസ്റ്റിന്റെ ദൈവരൂപങ്ങൾ വെറും മനുഷ്യക്കോലങ്ങൾ മാത്രമാണെന്ന് കുറ്റപ്പെടുത്തി. തന്റെ കുടൽ കാർന്നു തിന്നുന്ന വിശപ്പാണ് ചിത്രങ്ങളിൽ വൈരൂപ്യം പകരുന്നത്; ഐശ്വര്യത്തിന്റെ എല്ലാ വിളംബരങ്ങൾക്കുമെതിരേ അത് സ്വമേധയാ കലാപം കൂട്ടുകയാണ്—ആർട്ടിസ്റ്റ് സമധാനിക്കാൻ ശ്രമിച്ചു. പിന്നെയും കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആളുകളുടെ സ്വരവും ഭാവവും മാറിത്തുടങ്ങി. “ഇനി ഒരിക്കലും നീ ദൈവങ്ങളുടെ ചിത്രങ്ങൾ വരച്ചു പോകരുത്; ദേവീ കോപം കിട്ടിയിട്ടുള്ളവനാണ് നീ.“ ആർട്ടിസ്റ്റിന്റെ കീറിപ്പറിഞ്ഞ പരുത്തി ജുബ്ബയിൽ കൂട്ടിപ്പിടിച്ചു കൊണ്ട് അവർ കൽപ്പിച്ചു.

സന്യാൽജി പെട്ടെന്നൊരു ദിവസം പനി ബാധിച്ച് മരിച്ചതോടെ ആർട്ടിസ്റ്റിന്റെ വഴി മുട്ടി. കലാസമിതിയുടെ തറയിൽ പനിയും വിശപ്പും ബാധിച്ച്, ബോധം മറഞ്ഞ് താനും ഇരുട്ടിലേക്ക് ആണ്ടു പോയത് മാത്രം ഓർമയുണ്ട്. അത് മരണത്തിലേക്കുള്ള അനൌപചാരിക യാത്രയായിരുന്നു. പക്ഷെ, മരിച്ചില്ല. കണ്ണു തെളിഞ്ഞപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒളിവു സങ്കേതത്തിലായിരുനു. രാഷ്ട്രീയവും മനുഷ്യവിമോചനവും ഒന്നും ബോധപൂർവ്വം ആലോചിച്ചു കൂട്ടിയിട്ടില്ലാത്ത ആർട്ടിസ്റ്റ് ആദ്യം അമ്പരന്നു. പക്ഷെ ദാരിദ്ര്യവും വേദനയും അസമത്വവും നിറഞ്ഞ ഒരു ലോകത്തിൽ ജീവിച്ചു കൊണ്ട് ദേവീദേവന്മാരുടെ തിളങ്ങുന്ന രൂപങ്ങൾ വരക്കാൻ വിസമ്മതിച്ച ആർട്ടിസ്റ്റാണ് യഥാർത്ഥ വിപ്ലവകാരിയെന്ന് അവർ പറഞ്ഞു.

അന്നുമുതൽ വിശപ്പും വേദനയും മറ്റൊരനുപാതത്തിൽ കൂട്ടിക്കലർത്തി വര തുടങ്ങി. വില കുറഞ്ഞ, മഞ്ഞപ്പിത്തം പിടിച്ച കടലാസുകളിൽ, വിപ്ളവമുദ്രാവാക്യങ്ങൾ എഴുതിയ പരുക്കൻ പോസ്റ്ററുകളുടെ അരികുകളിൽ, നിരത്തിൽ, മരങ്ങളിൽ, ശരീരങ്ങളിൽ, മനസ്സുകളിൽ ഒക്കെ വരച്ചു കൂട്ടി. ആ ചെറുപ്പക്കാർക്കു വേണ്ടി, അവരുടെ പ്രസ്ഥാനത്തിനു വേണ്ടി, ബ്രഷ് ചോരയിൽ മുക്കിയെന്നോണം, കൈയും മനസ്സും അക്ഷരാർത്ഥത്തിൽ ഉടയുന്നതു വരെ വരച്ചു. പൊലീസ് ലോക്കപ്പിലെ മരണം വരെ നീളുമെന്ന് തോന്നിച്ച കൊടിയ പീഢനങ്ങൾക്കൊടുവിൽ, ചോരയും, വിയർപ്പും, കണ്ണീരും വീണു നനഞ്ഞ തറയിൽ കമ്ഴ്ന്ന് കിടന്ന് നാവു കൊണ്ടു പോലും വരച്ചു…

പകൽമുഴുവൻ ആർട്ടിസ്റ്റ് ചാരു കസേരയിൽ അതേ കിടപ്പ് കിടക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ വാതിലിൽ മുട്ടു കേട്ട് ഭരതി ചെന്ന് തുറന്നു. ഒരു ചെറുപ്പക്കാരനും അമ്പത് വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന മറ്റൊരാളും
“ഞങ്ങള്‍ കോല്‍ക്കത്തയില്‍ നിന്നാണ്. നാഷണല്‍ ആര്‍ട്ട് ഗാലറി. ഞാന്‍ സുരേഷ്, ഇത് സയന്‍ ലാഹിരി. രഘുവിനെ പരിചയമുണ്ട്. മകൻ. അയാളാണ് ഈ അഡ്രസ്സ് തന്നത്.” ചെറുപ്പക്കാരന്‍ പറഞ്ഞു.
“ഓ.“ ആർടിസ്റ്റ് അലപ്ം അത്ഭുതത്തോടെ അവരെ നോക്കി.
ഭാരതി അവരെ അകത്തേക്ക് ക്ഷണിച്ച് ഉള്ള സൌകര്യത്തിൽ ഇരിക്കാൻ പറഞ്ഞു. ആട്ടിസ്റ്റ് എഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും അവർ വേണ്ടെന്ന് വിലക്കി.
“കോല്‍ക്കത്തയിൽ നിന്ന് തിരിച്ച് നാട്ടിലെത്തി താമസമാക്കിയിട്ട് ഇപ്പോൾ ഇരുപത് വർഷമാകുന്നു. അല്ലേ?“
“ഉം.”
“ആർട്ടിസ്റ്റ് സാബ്, താങ്കളുടെ ചിത്രങ്ങൾ ഗംഭീരമാണ്. എത്രയെത്ര റിവ്യൂസാണ് പണ്ടത്തെ ആർട്ട് ജേർണൽസിൽ ഞങ്ങൾ കണ്ടെത്തിയതെന്നോ. വിശപ്പെന്ന ഒറ്റ രചന മതി കലാചരിത്രം താങ്കളെ അടയാളപ്പെടുത്താൻ. റിയലി ഗ്രെയ്റ്റ്.” സുരേഷ് പറഞ്ഞു.

ആർട്ടിസ്റ്റ് ചിരിക്കാൻ ശ്രമിച്ചു.
ഭാരതി ചായയും ബിസ്കറ്റും കൊണ്ടു വച്ചു. സയൻ ലാഹിരി പഴയ കൽക്കട്ടയും പുതിയ കോൽക്കത്തയും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ചിരി വരാത്ത ഒരു തമാശ പറഞ്ഞു.
ഫ്ലാറ്റിലെ താമസക്കാരുടെ തുണികള്‍ ഉണങ്ങാന്‍ ഇടാറുള്ള ഇടുക്കിൽ ഇപ്പോൾ കുറേ കുട്ടികൾ സ്കൂള്‍ യൂണിഫോമില്‍ ക്രിക്കറ്റ് കളിക്കുന്നത് ആർട്ടിസ്റ്റ് ജനലിലൂടെ കണ്ടു.

“പക്ഷെ, കല കല മാത്രമല്ലല്ലോ?“ സുരേഷ് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ പറ്റുന്ന തരത്തിൽ പകുതി വച്ചു നിർത്തി. പക്ഷെ ആർട്ടിസ്റ്റ് എന്തെങ്കിലും പറയുന്നതിനു മുൻപ് ലാഹിരി ചിരിച്ചു കൊണ്ട് ഇടപെട്ടു: “അല്പസ്വല്പം കച്ചവടം കൂടി ചേർത്താലേ ഞങ്ങളുടെ ഗാലറിക്കു പിടിച്ചു നിൽക്കാനാവൂ എന്നാണ് സുരേഷ് ഉദ്ദേശിച്ചത്.”
“എനിക്ക് മനസ്സിലാകും. കല കലക്കു വേണ്ടി മാത്രമുളളതാണ് എന്നൊക്കെയുളള പിടിവാശി എനിക്കുമില്ല. പറയൂ.”
“ആർട്ടിസ്റ്റ് കുറച്ചു ചിത്രങ്ങൾ വരച്ചു തരണം. രഘുവിനോട് സൂചിപ്പിച്ചിരുന്നു. കുറച്ചു പോർട്രെയിറ്റുകൾ. ‘ചരിത്രം ചിത്രങ്ങളിലൂടെ’ എന്ന കുട്ടികള്‍ക്കു വേണ്ടിയുളള ഒരു പരമ്പരക്കു വേണ്ടിയാണ്. പുതിയ തലമുറക്ക് നമ്മുടെ ചരിത്രത്തിലും പുരാണങ്ങളിലും ഒക്കെ താല്പര്യം വളര്‍ത്താന്‍ ഉദ്ദേശിച്ചു കൊണ്ടുളള ഒരു പ്രൊജക്റ്റ്. കാണുന്നവരെ ഇതിഹാസ കാലത്തെ വര്‍ണശബളമായ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകണം. സാമ്പിൾസ് ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്.“ ലാഹിരി തന്റെ പരുത്തി സഞ്ചിയിൽ കൈയിട്ടു.

ലാഹിരി കൊടുത്ത മിനുസമുളള, തിളങ്ങുന്ന താളുകളില്‍ നിന്ന് അതിസുന്ദരമായ ആണ്‍-പെണ്‍ രൂപങ്ങള്‍ നൂറ്റാണ്ടുകളുടെ പഴക്കം തോന്നിപ്പിക്കുന്ന ആടയാഭരണങ്ങളണിഞ്ഞ് ആര്‍ട്ടിസ്റ്റിനെ നോക്കി ചിരിച്ചു.
“ഇതു പോലുളള മനുഷ്യരാണ് അക്കാ‍ലത്ത് ജീവിച്ചിരുന്നതെന്ന് നമ്മള്‍ കുട്ടികളെ തെറ്റിദ്ധരിപ്പിക്കരുത്. കാട്ടില്‍, ഏറെക്കുറെ മൃഗതുല്യരായി ജീവിച്ച അവരെ ഇങ്ങനെ ചായം തേച്ച് ഭംഗിയാക്കുന്നത് ശരിയല്ല.”
“പക്ഷെ, ആര്‍ട്ടിസ്റ്റ് സാബ്. കുറച്ചൊക്കെ ഭാവന ചേര്‍ത്താലല്ലേ കുട്ടികള്‍ക്ക് രസം പിടിക്കൂ.”

തളർന്നു കിടക്കുന്ന ഹൃദയധമനികളിൽ രക്തം തള്ളിക്കയറുന്നത് പോലെ ആർട്ടിസ്റ്റിനു തോന്നി “ക്ഷമിക്കണം,“ ആര്‍ട്ടിസ്റ്റ് കഴിയുന്നത്ര ശാന്തനായി പറഞ്ഞു. “ചരിത്രവും മിത്തും ഇങ്ങനെ ഒറ്റച്ചിത്രമാക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല.”

ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ ഇപ്പോൾ ബാറ്റ്സ്മാൻ റണ്‍ ഔട്ടായതിനെക്കുറിച്ച് ആവേശത്തോടെ തർക്കിക്കുന്നു. “ആർട്ടിസ്റ്റ് തെറ്റിദ്ദരിക്കരുത്. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രദർശനങ്ങൾ നടത്തിയ അനുഭവത്തിൽ നിന്ന് പറയുന്നതാണെന്ന് കരുതിയാൽ മതി. ഇത്തരം പ്രമേയങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ്… പിന്നെ നിങ്ങളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് രഘു സൂചിപ്പിച്ചിരുന്നു…”
“ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുകയല്ല. രഘുവിനേയും. ഇത്തരം ചിത്രങ്ങളൊന്നും എനിക്കു വഴങ്ങില്ലെന്ന് പറഞ്ഞുവെന്നേയുള്ളൂ.” ആർട്ടിസ്റ്റ് കസേരയിൽ നിന്ന് ശ്രമപ്പെട്ട് എഴുന്നേറ്റു.

“ആർട്ട്സിസ്റ്റ് സാബ്, ഒന്നു കൂടി ആലോചിച്ച് മകൻ വഴി മറുപടി തന്നാൽ മതി.” പുറത്തേക്കിറങ്ങുമ്പോൾ സയൻ ലാഹിരി പറഞ്ഞു.
വാതിലടച്ച് പിന്തിരിഞ്ഞപ്പോള്‍ തന്നെ തുറിച്ച് നോക്കിക്കൊണ്ട് നിൽക്കുന്ന ഭാരതിയെ ആർട്ടിസ്റ്റ് കണ്ടു. “അത്തരം രൂപങ്ങൾ ഞാൻ വരച്ചാൽ ശരിയാവില്ല,“ ആർട്ടിസ്റ്റ് ഭാര്യയുടെ മുഖത്ത് നോക്കാതെ പറഞ്ഞു. “നിനക്കറിയാഞ്ഞിട്ടാണ്, ദേവീ കോപം കിട്ടിയിട്ടുള്ളവനാണ് ഞാൻ.”

രാത്രി ഏറെ വൈകിയാണ് രഘു വന്നത്. വാശിയോടെ വാതിലുകൾ അടയുന്നത് ആർട്ടിസ്റ്റിന് തന്റെ മുറിയിൽ നിന്നേ കേൾക്കാമായിരുന്നു. അല്ലെങ്കിലും ഈയിടെയായി ഉറക്കം വളരെ കുറവാണ്. മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചു കൊണ്ടു വന്ന ആ ശസ്ത്രക്രിയക്കു ശേഷം ഓർമകളുടെ ഇരുട്ടിൽ തപ്പി നടക്കാനാണ് യോഗം. പുലർച്ചെ എപ്പോഴെങ്കിലും ഔദാര്യത്തോടെ ഉറക്കം വന്ന് ആശ്വസിപ്പിച്ചാലായി.

ഭാരതി മേശപ്പുറത്ത് പ്ലേറ്റും ഗ്ലാസുമൊക്കെ എടുത്തു വെക്കുന്ന ശബ്ദം. അവൾ അടക്കിപ്പിടിച്ച് എന്തോ പറയുന്നുമുണ്ട്; രഘുവും. സ്ഥലക്കച്ചവടം നടന്നില്ലെന്ന് തോന്നുന്നു. അല്പനേരം കഴിഞ്ഞപ്പോഴേക്ക് സന്ദർഭ ബോധമില്ലാതെ അവന്റെ ഒച്ച പൊങ്ങി. അതൊരു അനിവാര്യതയാണ്. ലോകം മുഴുവൻ തന്നോട് മത്സരിക്കുകയാണെന്നും എന്നാൽ ജയിക്കാനുള്ള ശക്തി തനിക്കുണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന യുവത്വത്തിന്റെ വീര്യം. റിയൽ എസ്റ്റേറ്റ്, ചെമ്മീൻ കെട്ട്, കംപ്യൂട്ടർ കമ്പനി, മൂന്നു നാലു മാസം ഗൾഫിൽ കൺസ്ട്രക്ഷൻ പണി, കൂട്ടുകാരുമായി ചേർന്ന് ടയർ ഫാക്ടറി, എന്നിങ്ങനെ അവൻ ഇതിനകം കൈവച്ചു നോക്കിയ ജോലികളുടെ പട്ടിക മാത്രം മതി താൻപോരിമക്ക് തെളിവായിട്ട്. പക്ഷെ, കാലുകൾ മണലിൽ പൂഴ്ത്തി ഏറെ നേരം ഉറച്ചു നിൽക്കാനുള്ള ക്ഷമയില്ല. അതു കൊണ്ടു തന്നെ പണമുണ്ടാക്കാനുള്ള എളുപ്പവഴികൾ തേടി ഓരോന്നും പെട്ടെന്ന് തകർന്നു വീണു.

ആർട്ടിസ്റ്റ് മനസ്സിൽ കണ്ടത് പോലെ രഘുവിന്റെ ഒച്ച ഇപ്പോൾ കണ്ടമാനം ഉയർന്ന് വാക്കുകൾ സ്പഷ്ടമായി. “എന്റെ കഷ്ടകാലം, ഇയാളെക്കൊണ്ട്. തിന്നുകേ ഇല്ല, തീറ്റിക്കേ ഇല്ല.“ തൊട്ടു പിന്നാലെ പിഞ്ഞാണം താഴെ വീണുരുളുന്ന ഒച്ച. സ്റ്റീൽ പാത്രമായതു കൊണ്ട് പൊട്ടിക്കാണില്ല. പക്ഷെ, ചിതറിത്തെറിച്ച ചോറുവറ്റുകൾ പെറുക്കിക്കൂട്ടാൻ ഭാരതി ക്ലേശിക്കും.

ആര്‍ട്ടിസ്റ്റ് കിടക്കയില്‍ നിന്ന് കൈയെത്തിച്ച് ലൈറ്റിട്ടു. കട്ടിലില്‍ എഴുന്നേറ്റിരുന്നു.
അല്പ നേരം കഴിഞ്ഞപ്പോൾ ചവുട്ടിക്കുതിച്ചു കൊണ്ട് രഘു മുറിയിലേക്ക് വന്നു. വിവേകം പൂർണമായും കൈവിട്ടിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനെന്നോണം അവൻ ഒരു നിമിഷം നിന്നു. ദീർഘശ്വാസം എടുത്തു. പിന്നെ, മുറിയിലെ സാധനങ്ങളിലൂടെ ധൃതിയിൽ കണ്ണോടിച്ചു. നിറം കെട്ട്, പിഞ്ചിത്തുടങ്ങിയ കിടക്ക. മാറാല വലകൾ ഇളക്കിക്കൊണ്ട് ശബ്ദമുണ്ടാക്കി കറങ്ങുന്ന സീലിംഗ് ഫാൻ. മങ്ങിക്കത്തുന്ന ബൾബിനു കീഴെ, മുറിയുടെ മൂലക്ക്, പൊടി പിടിച്ചു കിടക്കുന്ന കാൻവാസും ബ്രഷുകളും ചായങ്ങളും, അയയിൽ മുഷിഞ്ഞ വസ്ത്രങ്ങളുടെ ധാരാളിത്തം. ആ ചിത്രത്തിന്റെ ഒത്ത നടുക്കെന്നോണം കട്ടിലിന്റെ വക്കിലിരിക്കുന്ന ആർടിസ്റ്റ്.
രഘുവിന്റെ ചുണ്ടിൽ പരിഹാസം കോടി.

“നാഷണല്‍ ഗാലറിയുടെ ആള്‍ക്കാരോട് സംസാരിച്ചിരുന്നു. പോർട്രെയ്റ്റുകളൊന്നും ചെയ്യാൻ തയ്യാറല്ലെന്ന് പറഞ്ഞത് അറിഞ്ഞു. എനിക്കത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും എന്നെ സഹായിക്കുന്നതൊന്നും ഒരിക്കലും നിങ്ങള് ചെയ്തിട്ടില്ലല്ലോ. ഇനി അവസാനമായി വേറൊന്നു കൂടി ചോദിക്കാനാണ് ഞാൻ വന്നത്. അവര്‍ ഇപ്പോൾ പറയുന്നത് ആ ‘വിശപ്പിന്റെ’ ഒറിജിനൽ കിട്ടിയാൽ വാങ്ങിക്കാംന്ന്. നല്ല കാശും തരും. പക്ഷെ നിങ്ങളിവിടെ കടൽക്കിഴവനെപ്പോലെ അതും കെട്ടിപ്പിടിച്ചോണ്ടിരിക്കുകയാണല്ലോ. വിൽക്കാൻ പറ്റില്ലല്ലോ…”
ആർട്ടിസ്റ്റ് ഒന്നും മിണ്ടിയില്ല. രഘുവിനെ മുഖത്തു നിന്നും കണ്ണുകളെടുത്ത്, ഇതിനകം മുറിയുടെ വാതിൽക്കലെത്തിയ ഭാരതിയിലേക്ക് മാറ്റി.
ആർട്ടിസ്റ്റിന്റെ മൌനം രഘുവിനെ വീണ്ടും പ്രകോപ്പിച്ചു കാണണം.“നിങ്ങൾക്ക് ആ നശിച്ച പെയിന്റിംഗ് തന്നാലെന്താ മനുഷ്യാ, ചാവുമ്പോ കൊണ്ടു പോകാനൊന്നും പറ്റില്ലാലോ.”

“എന്റെ മരണശേഷം നീ എന്താ വച്ചാ ചെയ്തോ. അതു ഞാൻ ഈ ലോകത്തിൽ ജീവിച്ചതിന്റെ തെളിവായി ബാക്കി വെക്കാൻ ഉദ്ദേശിക്കുന്നതാണ്.” ആര്‍ട്ടിസ്റ്റ് ശാന്തനായി പറഞ്ഞു.“നിനക്ക് പണമുണ്ടാക്കിത്തരുന്നതെന്തെങ്കിലും വരക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷെ, വിശപ്പുണ്ടെന്ന് കരുതി എന്തും ഭക്ഷിച്ചോളും എന്ന് തെറ്റിദ്ധരിക്കരുത്.”
“ഓ,ഒരു നരച്ച സെന്റിമെന്റ്സ്. കൈയിൽ ഉള്ളത് തരുകയും ഇല്ല. പുതിയതെന്തെങ്കിലും വരക്കാനുള്ള കഴിവും ഇല്ല. ഇങ്ങനെ ഒരു പ്രയോജനവുമില്ലാത്ത ഗ്രേറ്റ് ആർട്ടിസ്റ്റ്!” രഘു പുച്ഛത്തോടെ പറഞ്ഞു.
“മതി, നിർത്ത്,“ ശ്വാസം എടുക്കാൻ പെട്ടെന്നുണ്ടായ വെപ്രാളത്തിൽ ആര്‍ട്ടിസ്റ്റ് എഴുന്നേറ്റ് നിന്നു. തല കറങ്ങുന്നതു പോലെ തോന്നി.

ഇനിയും നിന്നാൽ അരുതാത്തതെന്തെങ്കിലും ചെയ്തു പോകുമെന്ന തിരിച്ചറിവിലാകണം രഘു വന്നതു പോലെ ചവുട്ടിക്കുതിച്ചിറങ്ങിപ്പോയി. പോകുന്ന പോക്കിൽ പിൻകാലു കൊണ്ട് കാൻവാസും ചായങ്ങളും തട്ടിമറിച്ചിട്ടു. കുറച്ചു നേരം ഒറ്റക്കാലിൽ നിന്ന ശേഷം മുക്കാലി തറയിൽ വീണു. സിമന്റ് തറയിൽ പാടുകൾ വീഴ്ത്തിക്കൊണ്ട് ഉരുണ്ടു പോയ ചായക്കുപ്പികളിലൊരെണ്ണം ഭാരതിയുടെ കാലിൽ തട്ടി നിശ്ചലമായി.

സർവ്വശക്തിയുമെടുത്ത് ഉറക്കത്തെ വിളിച്ചു വരുത്താൻ ശ്രമിച്ച് ആർട്ട്സ്റ്റ് ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് കിടന്നു. പക്ഷെ ഫലമുണ്ടായില്ല. കൂടുതൽ ശ്രമിക്കുന്തോറും ഉറക്കം അകന്നു പോയ്ക്കൊണ്ടിരുന്നു. രഘുവിന്റെ വാക്കുകൾ ചെന്നിക്കുത്തു പോലെ വേദനിപ്പിക്കുന്നു. എത്ര കാലമായിക്കാണും ബ്രഷും ചായങ്ങളും കൈ കൊണ്ട് തൊട്ടിട്ട്? ഇനി ലളിതമായ ഒരു ചിത്രമെങ്കിലും വരക്കാൻ തനിക്കു കഴിയുമോ? പൊളിഞ്ഞു വീഴാറായ തന്റെ പായകളെ നീർത്താൻ കെല്പുള്ള കാറ്റുകളുണ്ടോ?

കാറ്റുകളെ സ്വപ്നം കണ്ട് കിടന്നതു കൊണ്ടാവാണം കുറേക്കഴിഞ്ഞപ്പോൾ ഒരു സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആരോ വലിച്ചു കൊണ്ടു പോകുന്നതു പോലെ തോന്നലുണ്ടായി. തട്ടി വിളിച്ചുണർത്തിയതു പോലെ കണ്ണുതുറന്നു. ഇരുട്ടിനിപ്പോൾ ഭസ്മ നിറമായിരിക്കുന്നു. ജനാല വിരികളിലൂടെ അരിച്ചിറങ്ങുന്ന നിലാവാണ് കാര്യം. ആർട്ടിസ്റ്റ് കിടക്കയിൽ എഴുന്നേറ്റിരുന്നു. വീടിപ്പോൾ നിശബ്ദം. ഭാരതിയും രഘുവും അവരുടെ നിറം കെട്ട ദിവസത്തെ പിന്നിലാക്കി ഉറങ്ങിക്കാണണം.

കാലുകൾ തറയിൽ കുത്തിയപ്പോൾ തണുപ്പ് ഏണി വച്ചു കയറുന്നു. പക്ഷെ അത്ഭുതം; എഴുന്നേറ്റ് നിന്നപ്പോൾ പതിവ് തല ചുറ്റൽ അനുഭവപ്പെടുന്നില്ല. നിലാവിന് ഔഷധ ഗുണമുണ്ടോ? കാലുകൾക്ക് ചിറകു മുളച്ചതു പോലെ ആർട്ടിസ്റ്റ് അനായാസമായി നടന്നു. മുറിയുടെ മൂലയിൽ രഘു തട്ടി മറിച്ചിട്ട കാൻവാസും മുക്കാലിയും തപ്പി എടുത്തു വച്ചു. ലൈറ്റിടുന്നതിനെക്കുറിച്ച് ഒരു നിമിഷം ആലോചിച്ചു. പിന്നെ, വേണ്ടെന്ന് വച്ചു. നിലാവു തന്നെ ധാരാളം. അന്ധരായ ചിത്രകാരന്മാരെ മനസ്സിൽ ധ്യാനിച്ച് വിറക്കുന്ന കൈയ്യുകൾ കൊണ്ട് കാൻവാസിൽ വിരലോടിച്ചു. പൊടി തുടച്ചു. ചായക്കുപ്പികൾ ശ്രമപ്പെട്ട് തുറന്നു, ബ്രഷുകൾക്ക് പകരം വിരലുകൾ തന്നെ ആയുധമാക്കാൻ തീരുമാനിച്ചു. ആദ്യത്തെ മുരടൻ വര കാൻവാസിൽ പതിഞ്ഞപ്പോൾ തന്റെ ഉച്ചിയിലൂടെ ഒരു മഞ്ഞു കാലത്തിന്റെ മുഴുവൻ തണുപ്പ് അരിച്ചിറങ്ങുന്നത് ആർട്ടിസ്റ്റ് അറിഞ്ഞു.

പതുക്കെപ്പതുക്കെ രൂപങ്ങൾ മനസ്സിൽ തെളിഞ്ഞ് , ഇരുട്ട് ഭേദിച്ച് വിരലുകളിലൂടെ കാൻവാസിലേക്ക് പടരുകയായി– ഇഷ്ടമുള്ള ഭക്ഷണം ഒരിക്കലും കഴിക്കാന്‍ ഭാഗ്യം കിട്ടാതെ, തന്റെ നിരാഹാരം വ്യാജമാണെന്ന പരിഹാസം കേട്ട്, എല്ലുന്തി, കണ്ണുകള്‍ കുഴിഞ്ഞ്, മരണം കാത്തു കിടക്കുന്ന ഹംഗര്‍ ആര്‍ടിസ്റ്റ്…

രാവിലെ ഭാരതി കാപ്പിയുമായി ചെന്നപ്പോൾ ആർട്ടിസ്റ്റ് തറയിൽ വീണു കിടക്കുകയായിരുന്നു. ഒരു കൈയിൽ, എന്തു വന്നാലും വിട്ടു തരില്ലെന്ന മട്ടിൽ മുറുക്കെ പിടിച്ച പെയിന്റ് ബ്രഷ്. അല്പം മാറി ആർട്ടിസ്റ്റിന്റെ കണ്ണട, കണ്ണുകൾക്ക് ശക്തി പകരേണ്ടതില്ലാതെ കിടന്നു. കോടിയ വായിലൂടെ ഒലിച്ചിറങ്ങിയ നുരയും, കണ്ണുകളിലെ തണുപ്പും തിരിച്ചറിഞ്ഞ ഭാരതിക്ക് ഹൃദയമിടിപ്പ് തൊട്ടു നോക്കാതെ തന്നെ ആൾ മരിച്ചെന്ന് മനസ്സിലായി. സംഭവത്തിന്റെ ഗൌരവം ഉൾക്കൊള്ളാൻ കുറച്ചു മിനിട്ടുകൾ അനുവദിച്ച ശേഷം അവർ പതുക്കെ നടന്നു ചെന്ന് രഘുവിനെ വിളിച്ചുണർത്തി കാര്യങ്ങൾ ധരിപ്പിച്ചു.

രഘുവും ഭാരതിയും കൂടി ആർട്ടിസ്റ്റിനെ എടുത്തു കിടക്കയിൽ കിടത്തി. എല്ലും തോലും മാത്രമായി ഉണങ്ങിയ മരക്കൊമ്പു പോലുള്ള ആർട്ടിസ്റ്റിന് മരണ ശേഷം കൈ വന്ന ഭാരം അവരെ അത്ഭുതപ്പെടുത്തി. രഘുവാണ് ആദ്യം ശ്രദ്ധിച്ചത്. കാൻവാസിൽ പൂർത്തിയായോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ആ ചിത്രം. ഒറ്റ നോട്ടത്തിൽ, രൂപമോ ഭാവമോ തിരിച്ചറിയാൻ കഴിയാത്ത കറുപ്പ് നിറത്തിലുള്ള അലക്ഷ്യമായ സ്ട്രോക്കുകൾ. യാദൃശ്ചികമായ വരകൾ. ഒരു പക്ഷെ അച്ഛന്‍ വില്‍‌പത്രം പോലെ അവശേഷിപ്പിച്ചു പോയതെന്തോ ആവാമെന്ന തോന്നലില്‍ രഘു ആ കറുപ്പുരാശിയെ വീണ്ടും വീണ്ടും പരിശോധിച്ചു. പിന്നെ അച്ഛന്‍ തലേന്ന് ഉപയോഗിച്ച അതേ ബ്രഷ് കൈയിലെടുത്തു, അതേ ചായക്കുപ്പി തുറന്നു. നോക്കി നോക്കിയിരിക്കെ മുഖവും ശരീര ഭാഗങ്ങളും വെളിവായി ഒരു ദൈവരൂപം അയാളുടെ ഉള്ളിൽ തെളിഞ്ഞു വന്നു… ആംബുലൻസിൽ, വൈദ്യുത ശ്മശാനത്തിലേക്കുള്ള യാത്രയിൽ മരിച്ചു കിടക്കുന്നത് ഭർത്താവു തന്നെയല്ലേ എന്ന സംശയത്തിൽ ഭാരതി തന്റെ മുന്നിലെ മൃതദേഹം ഒന്നു കൂടി പരിശോധിച്ചു. ഒരു വേള, ശവദാഹം കഴിയുന്നതോടു കൂടി ഈ മനുഷ്യൻ തനിക്കു തികച്ചും അപരിചിതനായേക്കുമെന്ന സങ്കടത്തില്‍, അവർ കുനിഞ്ഞിരുന്ന് പാടേ നരച്ച ആർട്ട്സിറ്റിന്റെ തലയിൽ നിന്ന് ഒരു പിടി മുടി പിഴുതെടുത്ത് ബാഗിൽ നിക്ഷേപിച്ചു.

അന്നു രാത്രി, ആർട്ടിസ്റ്റിന്റെ മരണം കഴിഞ്ഞ അദ്യത്തെ രാത്രിയിൽ, മാധ്യമ പ്രവര്‍ത്തകര്‍ ഭാരതിയോടും രഘുവിനോടും സംസാരിക്കാൻ ക്യമറയും മൈക്രോഫോണുമായി ഫ്ലാറ്റിലേക്ക് കടന്നു വന്നു. ഭർത്താവിന്റെ മരണത്തിലുള്ള ദു:ഖവുമായി ഭാരതിയും, ഇത്തരം സന്ദർഭങ്ങൾ

എത്രയോ കൈകാര്യം ചെയ്തിട്ടുള്ളതാണെന്ന മട്ടിൽ അനായാസമായി രഘുവും അവരുടെ ചോദ്യങ്ങൾക്ക് ചെവിയോർത്തു.
“ഞാൻ രാവിലെ ചെന്ന് നോക്കുമ്പോൾ അച്ഛൻ, സ്ഥിരമായി വരക്കാറുള്ള കാൻവാസിനു താഴെ വെണു കിടക്കുകയായിരുന്നു. പക്ഷെ വരച്ചു പൂർത്തിയാക്കിയ ഈ ചിത്രം, അച്ഛന്റെ ഏറ്റവും മികച്ച ഈ കലാസൃഷ്ടി,“ രഘു തന്റെ കൈവശമുണ്ടായിരുന്ന പെയിന്റിംഗ് ക്യമറയിലേക്ക് നീക്കിവച്ചു. “ഈ ലോകത്തിനു വേണ്ടി ബാക്കി വച്ചാണ് അച്ഛൻ പോയത്.” രഘു കണ്ണുകൾ തുടച്ചു. “അതെ, വിശപ്പ് ഇന്നും രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന ആളുകളുടെ ഏറ്റവും വലിയ പ്രശ്നമാണ്. അതിന് ഒരു പരിഹാരം ഉണ്ടാകട്ടെ എന്നുള്ള അച്ഛന്റെ പ്രാര്‍ത്ഥനയാണ് ഈ ചിത്രം. വിശപ്പിനെക്കുറിച്ച്, ഭക്ഷണം കഴിക്കാനില്ലാത്തവരെക്കുറിച്ച്, അച്ഛന്‍ എപ്പോഴും വേദനിച്ചിരുന്നു. അങ്ങനെ എല്ലാവരുടേയും വിശപ്പു മാറ്റാന്‍ ശക്തിയുള്ള ഒരു ദൈവരൂപമാണ് മരണത്തിനു തൊട്ടു മുന്‍പ് അച്ഛന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.”

“ആർട്ടിസ്റ്റിന്റെ എല്ലാ വർക്കുകളും, ‘വിശപ്പി’ന്റ് ഒറിജിനലടക്കം കോല്‍ക്കത്തയിലെ നാഷണല്‍ ആര്‍ട്റ്റ് ഗാലറിക്ക്, വലിയ വിലക്ക് വിൽക്കുകയാണെന്ന് കേട്ടല്ലോ. ശരിയാണോ?”
“അതെ, പക്ഷെ വിൽക്കുകയാണെന്ന് പറയരുത്, കൈമാറുന്നു എന്നേ അർത്ഥമുള്ളൂ. അച്ഛൻ കലാ ജീവിതം ആരംഭിച്ചത്, തന്നിലെ കലാകാരനെ തിരിച്ചറിഞ്ഞത്, ‘വിശപ്പ്’ വരച്ചത് പോലും ആ നഗരത്തിൽ വച്ചാണ്. ആ നഗരം അച്ഛന് അത്രയും പ്രിയപ്പെട്ടതാണ്. പിന്നെ അച്ചന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ലാഹിരിജിയുടെയാണ് ആ സമിതി. അതു കൊണ്ട് ഈ തീരുമാനത്തിൽ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്.”

“പക്ഷെ, ഇത്രയും പ്രശസ്തമായ ‘വിശപ്പെങ്കിലും’ സ്വന്തം വീട്ടിൽ തന്നെ സൂക്ഷിക്കണമെന്ന് മകനായ താങ്കൾക്ക് തോന്നുന്നില്ലേ? പ്രത്യേകികിച്ചും ജീവിച്ചിരുന്നപ്പോൾ ആർട്ടിസ്റ്റ് അത് മ്യൂസിയങ്ങളില്‍ സൂക്ഷിക്കാന്‍ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല എന്ന് ഓർക്കുമ്പോൾ?”“അച്ഛന്റെ എല്ലാ രചനകളും എന്റെയും അമ്മയുടേയും മനസ്സിൽ തന്നെയുണ്ട്. അതിന് ഭൌതികമായ തെളിവുകളുടെ ആവശ്യമില്ല. പിന്നെ, കോല്‍ക്കത്തയില്‍ ചെന്ന് എപ്പോൾ വേണമെങ്കിലും അവ കാണമല്ലോ.”

രഘു താൻ പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ അമ്മയെ നോക്കി.
“അതെ, ഞങ്ങൾക്ക് ഇതു മാത്രം മതി.“ തന്റെ കൈയിലുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ കണ്ണടയും തലമുടി നാരുകൾ അടക്കം ചെയ്ത ചില്ലു പെട്ടിയും ചേർത്തു പിടിച്ചു കൊണ്ട് ഭാരതി പറഞ്ഞു.

കവിത

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി

എസ്.ജോസഫ്   
 വര : ശാരിക അജിത് 

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി
കിളിവാതിൽപ്പാളി തുറന്നുനീ പാടി

അതുകേട്ടു കാട്ടുകിളികളും പാടി
അതുകേട്ടു കാട്ടുപുഴകളും പാടി

ഒരു മലമേലേയൊരുഗ്രാമം പെട്ടി-
യടുക്കിവച്ചപോൽ ചെറുകുടിലുകൾ

പകലവയെല്ലാം മിഴി തുറക്കുന്നു
ഇരവിലോ കൂർക്കം വലിച്ചുറങ്ങുന്നു

കുറുക്കന്മാരുടെ ഒരുകൂട്ടം നിന്നി-
ട്ടിരവിലോരിയിട്ടുയർത്തുന്നു ശൌര്യം

ഒരു ചിഹ്നംവിളിയതിനെ തൊട്ടുപോയ്
കരിമ്പാറകളിലുരസിനിൽക്കയാം

കറുത്തകാടിന്റെ മകൻതുറന്നിട്ട
ജനൽപ്പാളിപോലെ ചിരിച്ചുനിൽക്കുന്നോൻ

വിദൂരെ ഗ്രാമത്തിൻ വിശാലതവിട്ടു
നഗരത്തിലെത്തി ഒരു കിനാവുപോൽ

പഠിക്കുവാൻ മാത്രം, പഠിച്ചുയരുവാൻ
വിദൂരഗ്രാമത്തിൻ വിളക്കാകാൻ മാത്രം

“അറിഞ്ഞിട്ടില്ലേ ഈ നഗരത്തെ? അതിൻ
വഴികൾ ചുറ്റിച്ചുവലയ്ക്കുമെന്നുനീ

പകച്ചിട്ടില്ലേ നീ പുറപ്പെട്ട സ്ഥല-
ത്തലഞ്ഞു നാം വീണ്ടും തിരിച്ചെത്തുമെന്ന്

അറിഞ്ഞിട്ടില്ലേ നാം നടന്നുപോകുമ്പോൾ
ഒരുനിഴൽ പിന്നിൽ പതിയുമെന്നു നീ

അതേ നിഴൽ നിന്നെ കൊലപ്പെടുത്തവേ
ഒരു നിലവിളി,യതിന്റെ മറ്റൊലി

വിദൂരെ സഹ്യന്റെ ചെവിയിൽ തൊട്ടുവോ?
അതിന്റെ സങ്കടം മഴയായ് പെയ്തുവോ?

അതിന്റെ വെളളത്താൽ നഗരം മുങ്ങുമോ?
അതിലൊലിക്കുമോ കവിതപോലുമേ? 

കഥ

ഗ്രഹണം

വി വിനയകുമാർ 

വര : സജിത്ത് എ എസ്

”കേരള എക്‌സ്പ്രസ്സിലാണോ?” എന്ന ചോദ്യവുമായാണ് ആ പതിനെട്ടുകാരന്‍
റീത്തയ്ക്കടുത്തെത്തിയത്.
ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അതേ തീവണ്ടി കാത്ത് പ്ലാറ്റ്‌ഫോമിലെ
സിമന്റ് ബഞ്ചിലിരുന്ന അറുപതുകഴിഞ്ഞ ആംഗ്ലോ ഇന്ത്യക്കാരിയായ റീത്ത
ഒന്നുനീങ്ങി അവന് ഇരിപ്പിടമൊരുക്കി ആംഗ്യത്തിലൂടെ ക്ഷണിച്ചു. അവന്റെ
ഇംഗ്ലീഷ് ഉച്ചാരണം കേട്ടാല്‍ ഏതു സംസ്ഥാനക്കാരനാണെന്ന്
മനസ്സിലാകില്ലെങ്കിലും മുഖത്തും ശരീരത്തിലും എഴുതിവച്ചിട്ടുണ്ട്
വടക്കുകിഴക്കന്‍ സംസ്ഥാനക്കാരനാണെന്ന്.
”എങ്ങോട്ടേക്കാണ്?” റീത്ത ചോദിച്ചു.
”തിരുവനന്തപുരത്തേക്കാണ്, അവിടെ എന്‍ജിനിയറിങ്ങിന് പഠിക്കുന്നു.
അവധിക്ക് നാട്ടില്‍ പോയിട്ട് കോളേജിലേക്ക് മടങ്ങുന്നു.”
”ഞാനും അങ്ങോട്ടേക്കാണ്… സ്ഥലം?”
റീത്തയുടെ ഇംഗ്ലീഷ് ചോദ്യത്തിന് അവന്‍ മലയാളത്തിലാണ് മറുപടി പറഞ്ഞത്.
രണ്ടുവര്‍ഷംകൊണ്ട് നന്നായി മലയാളം പഠിച്ചിരിക്കുന്നു.
”അസ്സമിലെ മാജുലി. ബ്രഹ്മപുത്രയിലെ ദ്വീപാണത്. ലോകത്തിലെ ഏറ്റവും വലിയ
നദീദ്വീപ്. അച്ഛന്‍ അരുണാചലിലെ സിറോ എന്ന ഗ്രാമത്തിലാണ്
ജനിച്ചുവളര്‍ന്നത്. ഇങ്ങോട്ടേക്ക് കുടിയേറുകയായിരുന്നു. അന്ന്
മാജുലിയില്‍ ഇന്നത്തെ കുടിയേറ്റ നിയമമൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്റെ
അച്ഛന്‍ എവിടെനിന്ന്, എങ്ങനെ സിറോയിലെത്തിയെന്ന് ഞങ്ങള്‍ക്കാര്‍ക്കും
അറിയില്ല.” എന്നൊക്കെ അവന്‍ വാചാലനായി.
”പേര്?”
”ആസാദ്”
ഇവന്റെ പ്രായത്തില്‍ തന്റെ മകള്‍ തിരുവനന്തപുരത്തുനിന്ന് ദല്‍ഹിയില്‍
പോയാണ് പഠിച്ചതെന്ന് റീത്ത ഓര്‍ത്തു.
ബ്രഹ്മപുത്രയുടെ വെള്ളപ്പൊക്കകാലത്ത് മുങ്ങിപ്പോകുന്ന പാടങ്ങളെയും
സ്വന്തം വീടിനെയും, അച്ഛന്റെ ജന്മസ്ഥലമായ അരുണാചലിലെ സിറോയില്‍
മഞ്ഞുപൊഴിയുന്നതിനെയും അവിടത്തെ നിരവധി ഗോത്രവര്‍ഗങ്ങളുടെ ഉത്സവങ്ങളെയും
ആചാരങ്ങളെയും കുറിച്ചുമൊക്കെ ആസാദിന് ഒരുപാട് പറയാനുണ്ടായിരുന്നു.
അതൊക്കെ കേള്‍ക്കാന്‍ റീത്ത തയ്യാറെന്നു മാത്രമല്ല, ഒരുപാടിഷ്ടമാണെന്ന്
ചേഷ്ടകളിലൂടെ വെളിപ്പെടുന്നുമുണ്ട്.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്താന്‍ ഇനിയും അരമണിക്കൂറോളമുണ്ട്. അത്രയും
സമയമുണ്ടെങ്കില്‍ കാപ്പിപ്രിയയായ റീത്തയ്ക്ക് അടങ്ങിയിരിക്കാനാവില്ല.
”എനിക്കൊരു കാപ്പി കുടിക്കണം മോനേ” എന്ന് പറഞ്ഞുകഴിഞ്ഞപ്പോഴാണ് ‘മോനേ’
വിളിയിലുടക്കിയത്. എവിടെയൊക്കെയോ ഇവന് മകളുമായി സാമ്യമുണ്ടെന്ന്
റീത്തയ്ക്ക്് തോന്നി. മനുഷ്യരുടെ ശരീരവും സ്വഭാവവുമൊക്കെ
രൂപപ്പെടുത്തുന്നതില്‍ ഗോത്രവ്യത്യസ്തതകള്‍ മാത്രമല്ല, ഭൂമിശാസ്ത്രവും
കാലാവസ്ഥയും രാഷ്രീയാവസ്ഥയും സാമ്പത്തിക-തൊഴില്‍ അവസ്ഥകളും
പങ്കുവഹിക്കുന്നുണ്ടല്ലോ.
തിബറ്റില്‍ നിന്ന് ദലൈലാമയോടൊപ്പം അഭയംതേടി ഇന്ത്യയിലേക്കെത്തിയ
കൂലിത്തൊഴിലാളിയായ ഒരു ബുദ്ധമതക്കാരന്റെ, ഒരു മതവിശ്വാസവുമില്ലാതെ
ഇന്ത്യന്‍ പട്ടാളക്കാരനായ മകനാണ് റീത്തയുടെ ഭര്‍ത്താവായിരുന്ന സാംബോ.
ഗഢ്‌വാളിലെ മുസ്സൂറിയില്‍ ഒരു സ്വകാര്യ ആശുപത്രിയിലെ
നഴ്‌സായിരിക്കുമ്പോഴാണ് ട്രക്കപകടത്തില്‍പ്പെട്ട് അവിടെയെത്തിയ
പട്ടാളസംഘത്തിലെ അയാളുമായി റീത്ത അടുപ്പത്തിലാകുന്നത്. ഇന്ത്യയുടെ
ഭരണഘടനയുണ്ടാക്കുമ്പോള്‍ അംബേദ്കറെ ബുദ്ധന്‍ എത്രത്തോളം
സ്വാധീനിച്ചിട്ടുണ്ടെന്ന്, ആ പട്ടാളക്കാരന്റെ വാദങ്ങള്‍ കേട്ട്
റീത്തയ്ക്ക് ബുദ്ധമതക്കാരിയാവണമെന്ന് തോന്നിയെങ്കിലും, അയാളപ്പോള്‍
ബുദ്ധനും അംബേദ്കര്‍ക്കുമൊപ്പം ഗാന്ധിയെയും നെഹ്‌റുവിനെയും ടഗോറിനെയും
ഇക്ബാലിനെയും നാരായണഗുരുവിനെയുമൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, കഴിഞ്ഞ
ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിപൊലീസുകാര്‍ക്ക് നീട്ടിയതുപോലെ,
മനുഷ്യസൗഹാര്‍ദ്ദത്തിന്റെ ഏറ്റവും സുഗന്ധമാര്‍ന്ന ഒരു റോസാപ്പൂവു നീട്ടി.
സാംബോയെ സാംബവനെന്നും സാംസണെന്നും വിളിച്ച്, റീത്തയെ പൂക്കളുടെ
രാജ്ഞിയായി വാഴിച്ച്, ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് റോസ്‌മേരി
ജനിച്ചു. ഔദ്യോഗികമായ ഒരു വിവാഹ ഉടമ്പടികളുമില്ലാതെപോയ അവരുടെ
വിവാഹജീവിതം, രണ്ടുവര്‍ഷത്തിനുശേഷം കശ്മീരിലെ മഞ്ഞിടിച്ചിലില്‍ സാംബോ
അപ്രത്യക്ഷനായതോടെ അവസാനിച്ചു. പട്ടാളക്കാരന്റെ ഭാര്യയെന്നതിന് ഒരു
രേഖയും റീത്തയ്ക്കുണ്ടായിരുന്നില്ല. പട്ടാളക്കാരനോ ഇന്ത്യക്കാരനോ എന്ന
രേഖ അയാള്‍ക്കുണ്ടായിരുന്നോ എന്നും റീത്തയ്ക്കറിയില്ല.
അങ്ങനെയാണ് റീത്ത ഉത്തരേന്ത്യവിട്ട് മകളുമായി തിരുവനന്തപുരത്തെത്തുന്നതും
അവിടത്തെ ഒരാശുപത്രിയില്‍ ഹെഡ്‌നേഴ്‌സാകുന്നതും, മകളെ ദല്‍ഹിയില്‍ വിട്ട്
പഠിപ്പിക്കുന്നതും, ഒപ്പം പഠിച്ച മണിപ്പൂരുകാരനെ കെട്ടി അവള്‍
കാനഡയിലേക്ക് പോകുന്നതും… മനസ്സിലോര്‍ത്തെങ്കിലും ഇതൊന്നും റീത്ത
പറഞ്ഞില്ല.
”ആന്റി കാപ്പികുടിച്ചിട്ടു വരൂ, എനിക്കിപ്പോള്‍ വേണ്ട” എന്ന് ആസാദ് ഭവ്യനായി.
ഒപ്പമുള്ള രണ്ട് വലിയ ബാഗുകളും ചുമന്ന് നടക്കേണ്ടല്ലോ എന്നു കരുതി
”ഇതിവിടിരിക്കട്ടെ” എന്ന് ആസാദിനോടു പറഞ്ഞ് റീത്ത
നടക്കാനൊരുങ്ങിയെങ്കിലും പെട്ടെന്ന് പഴയൊരു യാത്രയിലെ ബാഗുനഷ്ടം
ഓര്‍മ്മവന്നു. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. ഇംഗ്ലീഷില്‍
സംസാരിച്ചുതുടങ്ങിയ ഇവന്‍ പെട്ടെന്ന് മലയാളത്തിലേക്കു മാറി. ഇവന്‍
പറഞ്ഞതൊക്കെ ശരിയായിരിക്കുമോ? ഏയ്, ഇവന്‍ അങ്ങനെയാവില്ല – എന്നൊക്കെ
ഓര്‍ത്തെങ്കിലും റീത്ത പറഞ്ഞത് ”ട്രെയിന്‍ ഉടനെ പിടിച്ചാലോ? ബാഗുകൂടി
എടുത്തേക്കാം” എന്നാണ്.
രണ്ടു ബാഗും തൂക്കി നടക്കാന്‍ തുടങ്ങുമ്പോള്‍ അവ പിടിച്ചുവാങ്ങിക്കൊണ്ട്,
”ഞാനെടുക്കാം ആന്റി, ഞാനും വരാം” എന്നു പറഞ്ഞ് ആസാദ് ഒപ്പം കൂടി.
ഒരുനിമിഷത്തേക്കെങ്കിലും ഇവനെക്കുറിച്ച് അങ്ങനെയൊക്കെ ചിന്തിച്ചുപോയതില്‍
റീത്ത ദുഃഖിച്ചു.
ബാഗുമായി നടക്കുമ്പോഴാണ് അവന്റെ കൈയില്‍ തുണിയിലുള്ള ചെറിയൊരു തോള്‍സഞ്ചി
മാത്രമേയുള്ളുവെന്ന് റീത്ത ശ്രദ്ധിച്ചത്. നൂലുകൊണ്ടുള്ള
ചിത്രപ്പണികളിലൂടെ മയിലുകള്‍ ആ ബാഗിനുപുറത്ത് ജീവനെടുത്തുനില്‍ക്കുന്നു.
റീത്തയുടെ കൗതുകം കണ്ട് ആസാദ് പറഞ്ഞു, ”ചേച്ചിമാരുടെ ഡിസൈനാണ്.
സഞ്ചിയില്‍ മാത്രമല്ല, സാരിയിലും ചുരീദാറിലുമൊക്കെ അവര്‍ ഇത്തരം
ഡിസൈനുകള്‍ ചെയ്യുന്നുണ്ട്. അത് ഒരു വരുമാനമാര്‍ഗമാണ്.”
കാപ്പി കുടിക്കുന്നതിനിടയില്‍ റീത്ത അവന്റെ കുടുംബത്തെക്കുറിച്ച്
ചോദിച്ചു. മൂന്ന് ചേച്ചിമാരും ഒരനിയത്തിയും അമ്മയും. അച്ഛന്‍ എട്ടു
വര്‍ഷത്തിനുമുമ്പ് ബ്രഹ്മപുത്രയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം വന്‍
കാറ്റോളത്തില്‍മുങ്ങി മരിച്ചു. ദുരിതത്തിനൊപ്പം ബ്രഹ്മപുത്രയുടെ
വെള്ളപ്പൊക്കം കൊണ്ടുവരുന്ന എക്കലിനെ ആശ്രയിച്ചുള്ള കൃഷിയാണ് പ്രധാന
വരുമാനം… ആസാദ് കഥകള്‍ ചുരുക്കിപ്പറഞ്ഞു. ഇടയ്ക്ക് റീത്തയുടെ
കുടുംബവിശേഷങ്ങളും ചോദിക്കുന്നുണ്ടായിരുന്നു.
എപ്പോഴോ റീത്ത പറഞ്ഞു, ”കാനഡയില്‍ മോളുടടുത്തു പോകാനുള്ള ടിക്കറ്റ്
കാന്‍സല്‍ചെയ്താണ് ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്.എപ്പൊ, എവിടെ
പോകണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്? ഒരാഴ്ച കൂടി വേണമെന്ന്
കഴിഞ്ഞയാഴ്ച പറഞ്ഞു, ഈയാഴ്ചയും അതുതന്നെ ആവശ്യപ്പെടുന്നു.” റീത്ത
ചിരിച്ചുകൊണ്ട് തുടര്‍ന്നു, ”ഈ നാളുകള്‍ക്കുള്ളില്‍ എന്തൊക്കെ
സംഭവിച്ചുകൂടാ! അടിച്ചുപിരിഞ്ഞിരുന്ന സൂര്യനും ചന്ദ്രനും കൂടെ
കെട്ടിപ്പിടിച്ച് ഭൂമിയെ ഒറ്റപ്പെടുത്തിക്കൂടേ?”
”ആന്റീ, അതാണ് ഗ്രഹണം.” എന്നുപറഞ്ഞ് ആസാദ് പൊട്ടിച്ചിരിച്ചു.
”അതെ, ഗ്രഹണം ബാധിച്ച കാലമാണിത്” എന്ന് ഗൗരവത്തില്‍ പറഞ്ഞെങ്കിലും
ആസാദിന്റെ ചിരി റീത്തയ്ക്കിഷ്ടപ്പെട്ടു.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്തുന്നതിന്റെ അറിയിപ്പെത്തി.
റീത്തയുടെ സീറ്റില്‍ ബാഗെത്തിച്ചിട്ട് തന്റെ ഇടം കണ്ടെത്തിക്കോളാം
എന്നുപറഞ്ഞ് ആസാദ് ബോഗിയേതെന്ന് തിരക്കി. നമ്പര്‍ കേട്ടപ്പോള്‍ ”നമ്മള്‍
ഒരേ ബോഗിയിലാണല്ലോ ആന്റി” എന്ന് ആസാദ് സന്തോഷംകൊണ്ടു.
സ്ലീപ്പര്‍ക്ലാസ്സിലെ ഒരേ ബോഗിയെന്നു മാത്രമല്ല, സീറ്റുകള്‍ പോലും
അടുത്ത്. ഒരുവശത്തെ രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റുകളിലൊന്നായിരുന്നു
ആസാദിന്റേത്. മറ്റേ സീറ്റിലെ ആളെത്തിയിട്ടില്ല. തൊട്ടിപ്പുറത്ത്
ആറുപേര്‍ക്കുള്ള സീറ്റുകളില്‍ ആസാദിനോടടുത്തുവരുന്ന സീറ്റാണ്
റീത്തയുടേത്. അതുകൊണ്ട് അവര്‍ക്ക് സംഭാഷണം തുടരാനായി.
റീത്തയിരിക്കുന്നിടത്തെ മറ്റഞ്ചുപേര്‍ മധ്യവയസ്‌കരായ മലയാളികളുടെ ഒരു
സംഘമാണ്. വലിയ റുക്‌സാക്ക് ബാഗുകളും നടക്കാനുള്ള പോളുകളും കണ്ടാലറിയാം
ഏതോ ട്രക്കിംഗ് കഴിഞ്ഞുള്ള മടക്കമാണ്. അവര്‍ ആസാദിനെയും റീത്തയെയും
പരിചയപ്പെടുകയും കൈവശമുണ്ടായിരുന്ന ഈന്തപ്പഴം പങ്കുവയ്ക്കുകയും ചെയ്തു.
വണ്ടി കുതിച്ചുകൊണ്ടിരിക്കെ അവര്‍ ട്രക്കിംഗ് അനുഭവങ്ങള്‍ പരസ്പരം
അയവിറക്കിക്കൊണ്ടിരുന്നു. ഇടയ്‌ക്കൊക്കെ ആസാദും റീത്തയും ചില സംശയങ്ങള്‍
ചോദിക്കുകയോ കമന്റുകള്‍ പറഞ്ഞ് ചിരിയില്‍ പങ്കാളികളാവുകയോ
ചെയ്യുന്നുണ്ടായിരുന്നു.
പക്ഷെ അതൊക്കെ മാറിമറിഞ്ഞത് പെട്ടെന്നാണ്.
വണ്ടി ഓടിത്തുടങ്ങിയിട്ട് മൂന്നുനാലു മണിക്കൂറായിക്കാണും.
തോക്കു ധരിച്ച ഒരു പൊലീസുകാരന്‍ ബോഗിയിലെത്തി. ഒത്ത തടിയും ഉയരവുമുണ്ട്,
ജാട്ടാവണം. രണ്ടുവട്ടം ബോഗിയില്‍ അങ്ങറ്റമിങ്ങറ്റം ഉലാത്തിയശേഷം
ആസാദിനെതിരെയുള്ള ഒഴിഞ്ഞ സീറ്റില്‍ വന്നിരുന്ന് അവനോട് ടിക്കറ്റും
ഐഡന്റിറ്റി കാര്‍ഡും ആവശ്യപ്പെട്ടു. രണ്ടും അവനെടുത്തുനല്‍കി. തുടര്‍ന്ന്
അവന്റെ സഞ്ചിബാഗ് കൈയിലെടുത്ത് അതിലെ ഓരോ സാധനങ്ങളായി പുറത്തെടുക്കാന്‍
തുടങ്ങി. ആദ്യമെടുത്തത് ഒരു നോട്ടുബുക്ക്. അത് ഓരോ പേജും മറിച്ച്
പരിശോധിച്ചെങ്കിലും ഒരക്ഷരം എഴുതിയിരുന്നില്ല. പിന്നെയെടുത്തത് ഒരു
പേനയാണ്. അത് പേന തന്നെയാണോ എന്നറിയാന്‍ ഏറെനേരം തിരിച്ചും മറിച്ചും
നോക്കുകയും നോട്ടുബുക്കില്‍ കുത്തിവരയ്ക്കുകയും ചെയ്തു. പിന്നെ,
മാന്ത്രികനെപ്പോലെ അയാള്‍ പുറത്തെടുത്തത് ഒരു ജട്ടിയാണ്. നിറയെ
ദ്വാരങ്ങളുണ്ടായിരുന്ന അതിനെ കുടഞ്ഞുനോക്കുകയും എല്ലാവരും കാണത്തക്കവിധം
നിവര്‍ത്തിക്കാണിക്കുകയും ചെയ്തു. തുടര്‍ന്നെടുത്ത ബനിയനിലും
ദ്വാരങ്ങളേറെയായിരുന്നു. പിന്നെയൊരു ടീഷര്‍ട്ട് കൂടിയേ ആ
സഞ്ചിയിലുണ്ടായിരുന്നുള്ളു. അയാള്‍ പലവട്ടം സഞ്ചി കുടഞ്ഞുനോക്കി.
എന്തോ കണ്ടുപിടിക്കാന്‍ പോകുന്നെന്ന മട്ടില്‍ ബോഗിയിലുള്ളവര്‍ മുഴുവന്‍
അപ്പുറമിപ്പുറം ഒത്തുകൂടിയിട്ടുണ്ട്.
തുടര്‍ന്ന് പൊലീസുകാരന്‍ ആസാദിന്റെ ദേഹപരിശോധന തുടങ്ങി. ഷര്‍ട്ട്
ഊരിപ്പിച്ചു. ദേഹം മുഴുവന്‍ കൈകൊണ്ട് പരതി. പിന്നെ ഷൂവും സോക്‌സും
ഊരിപ്പിച്ചു. സോക്‌സുകളിലെ തുളയും അയാള്‍ ഉയര്‍ത്തിക്കാട്ടി.
സുപ്രധാനമായ ഒരന്വേഷണകൃത്യം പൂര്‍ത്തിയാക്കിയ മട്ടില്‍ പൊലീസുകാരന്‍
അടുത്ത ബോഗിയിലേക്ക് പോകുമ്പോള്‍ ആരോ ചോദിച്ചു, ”വല്ലതും കിട്ടിയോ
സര്‍?”
”ഇവന്മാരെയൊക്കെ എങ്ങനെ വിശ്വസിക്കും?” എന്ന് പിറുപിറുത്തുകൊണ്ട്
പൊലീസുകാരന്‍ കടന്നുപോയി.
ഒന്നും സംഭവിക്കാത്തതിന്റെ നിരാശയില്‍ ഓരോരുത്തരും അവരവരുടെ
സീറ്റുകളിലേക്കും സ്വന്തം ലോകങ്ങളിലേക്കും പോയി.
പക്ഷെ ആസാദിന് ആ നിമിഷം മുതല്‍ ലോകമാകെ മാറിപ്പോയി. പൂര്‍ണ നഗ്നനാക്കി
തലകീഴായി കെട്ടിയിട്ടിരിക്കുന്നതുപോലെ. തീവണ്ടി ഏതോ അജ്ഞാതലോകത്തേക്കാണോ
ഓടുന്നത്? റീത്തയും അഞ്ചംഗസംഘവും മുതല്‍ എല്ലാവരും അന്യരും അപരിചിതരും.
അതുകൊണ്ടുതന്നെ റീത്തയുടെ ആശ്വാസവാക്കുകളൊന്നും ആസാദ് കേട്ടില്ല.
ഈ ബോഗിയില്‍ ഇത്രപേരുണ്ടായിട്ടും ആസാദിനെത്തന്നെ തെരഞ്ഞുപിടിച്ച്
പൊലീസുകാരന്‍ പരിശോധിച്ചത് എന്തിനായിരിക്കുമെന്ന് റീത്ത ചിന്തിച്ചു.
ഒന്നുകില്‍ അവനുള്ള വടക്കുകിഴക്കന്‍ ഛായ, അല്ലെങ്കില്‍ ആസാദെന്ന പേര്.
തന്റെ മകള്‍ക്ക്് മണിപ്പൂരി ഭര്‍ത്താവില്‍ ജനിച്ചേക്കാവുന്ന കുട്ടിക്ക്
എന്തു ഛായയായിരിക്കും എന്നോര്‍ത്തപ്പോള്‍, കാനഡയിലേക്കുള്ള ടിക്കറ്റ്
കാന്‍സല്‍ചെയ്തതില്‍ റീത്ത ദുഃഖിച്ചു. ഉടനെതന്നെ മകള്‍ക്ക്് ഒരു
മെസ്സേജയച്ചു, ”പറഞ്ഞിരുന്നതുപോലെ അടുത്തയാഴ്ച വരാം… നിങ്ങളിനി
ഇങ്ങോട്ടു വരണ്ട. ഇവിടം മുഴുവന്‍ മാറാത്ത ഗ്രഹണമാണ്.”
ഈ ലോകത്തുനിന്നുതന്നെ രക്ഷപ്പെടാനെന്നപോലെ ആസാദ് മുകളിലത്തെ ബെര്‍ത്തില്‍
കയറി കിടപ്പായി. റീത്തയും അഞ്ചംഗസംഘത്തിലെ ചിലരും പലപ്പോഴായി
വിളിച്ചിട്ടും ആവശ്യപ്പെട്ടിട്ടും അവന്‍ ഒരു ചായ കുടിക്കാന്‍ പോലും
താത്പര്യപ്പെട്ടില്ല. മൂന്നാം ദിവസം തിരുവനന്തപുരം സ്റ്റേഷനെത്തിയപ്പോഴും
എണീക്കാതിരുന്ന അവനെ റീത്ത വിളിച്ചുണര്‍ത്തുമ്പോള്‍ വല്ലാതെ
പനിക്കുന്നുണ്ടായിരുന്നു.
”ഓ, സ്റ്റേഷനെത്തിയോ?” എന്നുചോദിച്ച് ദീര്‍ഘമായ ഒരുറക്കത്തില്‍
നിന്നെന്നപോലെ ആസാദ് ഉയിര്‍ത്തെണീറ്റു.
സ്റ്റേഷനുപുറത്തെത്തി ആട്ടോറിക്ഷയില്‍ കയറ്റിവിടുന്നതുവരെറീത്തയെക്കൊണ്ട്
ബാഗുകളെടുക്കാന്‍ അവന്‍ സമ്മതിച്ചില്ല.
റീത്തയുടെ ആട്ടോ യാത്രയാകുമ്പോള്‍ ആസാദ് ഇംഗ്ലീഷില്‍ പറഞ്ഞു, ”മാഡം,
ഞാന്‍ കാരണം താങ്കളുടെ യാത്ര മൊത്തം ബോറായി.”
”മാഡമല്ല, ആന്റിയല്ലേ, മോനേ…” എന്നൊക്കെ റീത്ത പറഞ്ഞോ, പറയാന്‍
ശ്രമിച്ചതാണോ? എന്തായാലും ആസാദ് ഒന്നും ശ്രദ്ധിച്ചിരിക്കാനിടയില്ല.
അവന്‍ പറഞ്ഞു: ”എല്ലാമറിയുമെങ്കിലും ചിലര്‍ വിഡ്ഢികളെപ്പോലെ പെരുമാറും,
‘എന്താ താങ്കള്‍ ഉദ്ദേശിച്ചത്’ എന്നു ചോദിക്കും. യഥാര്‍ത്ഥ വിഡ്ഢികള്‍
ഒരുപാട് വിശദീകരണങ്ങള്‍ നടത്തി അതേ ചോദ്യത്തില്‍ത്തന്നെ എത്തിച്ചേരും.
മാഡം എപ്പോഴോ പറഞ്ഞപോലെ ഭൂമി ഒറ്റപ്പെടും.”
”മാഡമല്ല, ആന്റിയുമല്ല, അമ്മ തന്നെയാണ്” എന്ന് റീത്ത പറയാനോങ്ങുമ്പോള്‍
തീവണ്ടിയെക്കാള്‍ വേഗത്തില്‍ ആട്ടോറിക്ഷ ഭൂപടങ്ങള്‍ കടന്നുപോയി.

ലേഖനം

ഒരു മുക്തകണ്ഠം ഓർമ്മ 

കെ രഘുനാഥൻ 

നമ്പൂതിരി വരച്ച ചിത്രങ്ങൾ 

 

നിങ്ങളുടെ വില പിടിച്ച വസ്തുക്കളോ പണമോ പുസ്തകങ്ങളോ കടം ഞാൻ ചോദിച്ചുവെന്നിരിക്കട്ടെ. നിങ്ങൾ പറഞ്ഞെന്ന് വരാം. അത് തരാൻ ബുദ്ധിമുട്ടാണു. അല്ലെങ്കിൽ നിങ്ങളുടെ മുഖഭാവം കണ്ട് ചോദിച്ച ഞാൻ പിന്മാറിയേക്കാം.

പക്ഷെ വെറും ഓർമ്മകളാണു കടം ചോദിക്കുന്നതെങ്കിൽ നിങ്ങൾ പറയുമോ സാധ്യമല്ല, എന്ന് – വിശേഷിച്ച് അതു മറ്റൊരാൾക്ക് പ്രയോജനപ്പെടുമെങ്കിൽ നിങ്ങൾക്ക് മാനനഷ്ടമോ സാമ്പത്തിക നഷ്ടമോ സമയനഷ്ടമോ ആരോഗ്യ പ്രശ്നമോ ഉണ്ടാക്കാത്ത സാഹചര്യത്തിൽ നിങ്ങൾക്കതുകൊണ്ട് പ്രത്യേകിച്ച് ആവശ്യമൊന്നും ഇല്ലാതിരിക്കെ, കൊടുത്തേക്കാം. എന്നാണു ഞാൻ സങ്കൽപ്പിച്ചിരുന്നത്.

പക്ഷെ വസ്തുക്കളോ പണമോ പുസ്തകമോ മറ്റെന്തിങ്കിലുമോ ആണു ചോദിച്ചിരുന്നതെങ്കിൽ തരുമായിരുന്നു.. പക്ഷെ ഓർമ്മകൾ…

ഇങ്ങനെയൊരു മനോഭാവം കാണിച്ചാൽ – നമ്മൾ ഞെട്ടില്ലേ. മറ്റൊരാളാണു പറയുന്നതെങ്കിൽ, അനുഭവിച്ചതെങ്കിൽ ഞാൻ വിശ്വസിക്കില്ലായിരുന്നു. നേരിട്ടനുഭവിച്ചതുകൊണ്ട് വിശ്വസിക്കാതെ ഗത്യന്തരമില്ല. ഞാനിതു പറയുമ്പോൾ നിങ്ങളിതു വിശ്വസിക്കുമോ എന്നെനിക്കറിയില്ല.

ഇങ്ങനെയാണത് സംഭവിച്ചത്. വി കെ എൻ്റെ ജീവിതാഖ്യായികയായ മുക്തകണ്ഠം വികെയെൻ്റെ ഒരുക്കത്തിൽ ചില വിവരങ്ങൾക്കുവേണ്ടി ഞാൻ സുഹൃത്തുക്കളും അല്ലാത്തവരുമായ ചിലരെ സമീപിച്ചിരുന്നു. വസ്തുതകൾ, കാലം സന്ദർഭം, കാരണം, നിങ്ങളുമായിട്ടുള്ള വി കെ എൻ്റെ ബന്ധം, അനുഭവം എന്നിങ്ങനെ വേർതിരിച്ച ചെറിയ വിവരങ്ങളാണു എനിക്ക് വേണ്ടിയിരുന്നത്.

ഒന്നോ രണ്ടോ വാക്യങ്ങളിലോ ഏറിയാലൊരു ഖണ്ഡികയിലോ ഫോണിലൂടെ പറയാവുന്നതേയുള്ളൂ ഇത്. പക്ഷെ സംഭവിച്ചത് അങ്ങനെയല്ല

ആദ്യം ഞാൻ സമീപിച്ചത് ഒരു പ്രസാധകനെയാണു ആദ്യകാലത്ത് ചില വി കെ എൻ പുസ്തകങ്ങൾ ആ പ്രസാധനശാലയിലൂടെ പുറാത്തുവന്നിട്ടുണ്ട്.

എന്നെ അദ്ദേഹത്തിനു പരിചയമുണ്ട്. എൻ്റെ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. അതൊക്കെ അനുസ്മരിച്ചെങ്കിലും എൻ്റെ ആവശ്യം പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് അദ്ദേഹത്തിനു അപരിചിതനായി.

അതെന്തിനാണു? അദ്ദേഹം ചോദിച്ചു

വി കെ യെന്നിനെ പറ്റി ഞാനൊരു പുസ്തകമെഴുതുന്നുണ്ട്. അതിൻ്റെ ആവശ്യത്തിനാണു

നോവലുണ്ടൊ? നോവൽ പോലെ

നിങ്ങളുടെ എത്ര പുസ്തകങ്ങൾ വേണമെങ്കിൽ പ്രസിദ്ധീകരിക്കാം. പക്ഷെ ഓർമ്മകൾ ചോദിക്കരുത്
എന്തു പറയണമെന്നറിയാതെ അദ്ദേഹം ഇരിക്കുന്നതുകണ്ട് ഞാൻ അമ്പരന്നു. രണ്ട് സന്ദർഭങ്ങളെ ബന്ധിപ്പിക്കുന്നതിനെ ചെറിയ വിവരമേ എനിക്കാവശ്യമുള്ളൂ. അവിടെ അതിനെക്കുറിച്ചറിയുമോ. പിന്നെ എനിക്കറിയാം. അദ്ദേഹം നിഷേധിച്ചില്ല. എനിക്കതുമാത്രം മതി.
ഒരു കാര്യം ചെയ്താലൊ ? ഒടുവിൽ അദ്ദേഹം പരിഹാരം കണ്ടെത്തി.
`നമുക്കൊരു അപ്പോയിന്മെൻ്റ് വെക്കാം. അടുത്താഴ്ച. ഇതത്ര ഗഹനമായ കാര്യമൊന്നുമല്ലല്ലോ. അതാണു നല്ലത്. അടുത്താഴ്ച` അദ്ദേഹം ആവർത്തിച്ചു. അന്ന് നമുക്ക് വിശദമായി സംസാരിക്കാം.

പ്രസാധകൻ എന്തോ ഭയപ്പെടുന്നതുപോലെ ഞാൻ സ്വയമൊന്ന് നോക്കി എനിക്ക് ഇൻ കം ടാക്സ് കാരൻ്റെയോ ഡിറ്റക്ടീവിൻ്റെയോ രൂപമുണ്ടോ ?
ഒരാഴ്ച, രണ്ടാഴ്ച കഴിഞ്ഞ്, രണ്ടു മാസം മുക്തകണ്ഠം വികെ എൻ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. അതിനിടയിലും ഞാനദ്ദേഹത്തെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു. അപ്പോഴൊക്കെ അറിയാവുന്ന ഏക ഇംഗ്ളീഷ് അദ്ദേഹം ഉച്ചരിച്ചു. അപ്പോയിന്മെൻ്റ്…….

അത് നടക്കില്ലെന്ന് എനിക്കുറപ്പായി

രണ്ടാമൻ വി കെ യെനൊപ്പം ഡൽഹി യു എൻ ഐ യിൽ ഉണ്ടായിരുന്ന ആളാണു. പ്രായം വളരെയായി. എങ്കിലും ഓർമ്മക്കുറവോ ആരോഗ്യപ്രശ്നങ്ങളോ ഇല്ല. ഡൽഹിയിൽ സ്ഥിരതാമസം. മൂന്നുമാസം കൂടുമ്പോൾ നാട്ടിൽ വരും. ആ സമയത്ത് കാണാമെന്ന് ഫോൺ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. പിന്നെ വി കെ എനും ഞാനും തമ്മിൽ വല്ലാത്ത ബന്ധമല്ലായിരുന്നോ എന്നു കൂടി അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.

അന്നേക്ക് ഞാനൊരു വാഹനം ഏർപ്പാടാക്കി. എഴുപത് കിലോമീറ്റർ അകലെയാണു. ഡൽഹിയിൽ നിന്നു അദ്ദേഹം പുറപ്പെടുന്നതും വിമാനമിറങ്ങി നാട്ടിലേക്ക് തിരിക്കുന്നതും അവിടെയെത്തുന്നതും എൻ്റെ ഫോൺ വിളിയിലൂടെ അകമ്പടിയോടെയായിരുന്നു

പറഞ്ഞ ദിവസം രാവിലെ വാഹനമെത്തി. സർവ്വാഭരണവിഭൂഷിതായി അതിൽ കയറും മുമ്പ് ഞാൻ ഒരിക്കൽ കൂടി അദ്ദേഹത്തെ വിളിച്ചു. ഞാൻ ഇതാ പുറപ്പെടുകയാണു 10 മണിക്ക് മുമ്പെത്തും എന്നറിയിച്ചു.

അപ്പോൾ അദ്ദേഹം ഭാഷ മാറ്റി ഇംഗ്ളീഷിൽ പറയുകയാണു – ഞാനും വി കെ എനും ഒന്നിച്ച് യു എൻ ഐയിൽ ഉണ്ടായിരുന്നു എന്നത് ശരിതന്നെ. പക്ഷെ സംഭവങ്ങളൊന്നും ഓർമ്മയില്ല. കാലം കുറെയായില്ലേ.

അപ്പോൾ ഞാൻ വരേണ്ട എന്നാണൊ? അദ്ദേഹം ഒന്നും പറഞ്ഞില്ല. 90 അടുത്താളല്ലേ. ഞാനും ഒന്നും പറഞ്ഞില്ല. ആ യാത്ര റദ്ദായി. എൻ്റെ മനക്കോട്ട തകർന്നു. പിന്നെയും മറ്റൊരു കോട്ട കെട്ടി. ചില അന്വേഷണങ്ങൾ വേണ്ടിയിരുന്നു.
ഒരു മുൻ എഡിറ്റർ പറഞ്ഞു – ഒരു കാര്യം ചെയ്യൂ. ആവശ്യമുള്ള കാര്യങ്ങൾ കാണിച്ച് എനിക്കൊരു കത്തെഴുതൂ. ഞാൻ മറുപടി അയയ്ക്കാം, പോരെ

ഇനി അദ്ദേഹത്തോടും ഞാൻ ചോദിച്ചു. രണ്ട് മിനിട്ട് ഫോണിൽ പറയാവുന്നതല്ലെയുള്ളൂ.

ഒരു ചെറുകഥാകൃത്ത് – അളകാപുരിയിലെ എത്ര സംഭവങ്ങൾ…. ഒക്കെ വിശദമായി പറഞ്ഞുതരാം. ഞാനങ്ങോട്ട് വരുന്നുണ്ട്

ഡൽഹിയിലുണ്ടായിരുന്ന മറ്റൊരു എഴുത്തുകാരൻ വി കെ എൻ അയച്ച കുറെ കത്തുകൾ കയ്യിലുണ്ട്. ഒരു കോളം എഴുതിയിരുന്നു. അതുമുണ്ട്. ഡൽഹി ഭാഗങ്ങൾ എഴുതുമ്പോൾ വിളിച്ചാൽ തരാം. പിന്നെ അദ്ദേഹം ഫോണെടുക്കാതായി. ( അങ്ങനെ നീ ഇപ്പോൾ എഴുതണ്ട).
ഈ പുസ്തകം മുഖ്യമായും എന്നെത്തന്നെ ആശ്രയിച്ചെഴുതിയതിനാൽ അട്ടിമറി വിലപ്പോയില്ല.

ചവറ്റുകൊട്ട പോലുള്ള ഇവരുടെ വാഗ്ദാനങ്ങളൊന്നുമില്ലാതെയാണു ഞാനത് പൂർത്തിയാക്കിയത്. അവരോടൊന്നും കടപ്പെടാത്തതിൽ ഞാൻ സന്തുഷ്ടനുമാണു. ഓർമ്മകൾ കടമായി വേണ്ട. കാശിനു തരുമോ എന്നുപോലും ചോദിക്കണമെന്ന് ഒരു ഘട്ടത്തിൽ തോന്നി. എല്ലാവരും ഇപ്പോൾ എൻ്റെ സുഹൃത്തുക്കൾ തന്നെ

പണമോ അമൂല്യമായ വസ്തുക്കളോ ചോദിച്ചിരുന്നെങ്കിൽ ആ നിമിഷം അവരത് തരുമായിരുന്നോ – പക്ഷെ അവർക്ക് ഒരു പ്രയോജനവുമില്ലാത്ത ആ മരിച്ച വസ്തുതകൾ, ഓർമ്മകൾ, അവർ ഒരിക്കലും കൈവിടില്ല എന്നു ഞാൻ പറയുമ്പോൾ നിങ്ങൾ വിശ്വസിക്കുമോ എനിക്ക് അതൊക്കെ തന്നാൽ അത് അവരിൽ നിന്നും നഷ്ടപ്പെടുമോ ?

ഓർമ്മകളുടെ ശവകുടീരമാകാനും ചിലർ വേണമല്ലോ

കെ രഘുനാഥൻ

അസീം താന്നിമൂടിന്‍റെ 

പ്രണയ കവിതകൾ

1. ഈര്‍പ്പം                                                                                     

പതിവായ് നിന്നെ ഞാന്‍ നുകരുവാന്‍ വരും
വഴിയിലെപ്പുല്ലും തണുവും വറ്റുന്നു.
പരസ്പരം നമ്മെ പിണയ്ക്കും വള്ളിപോല്‍
വരണ്ടൊരുവഴി തെളിയുന്നു…നിന്‍റെ
നനവുമായി ഞാന്‍ നടക്കുമ്പോള്‍ ചുറ്റും
തുടുത്ത പച്ചയില്‍ നിലാവു പെയ്യുന്നു.

നിനവുകള്‍ വറ്റി വരളുമ്പോള്‍ വീണ്ടു-
മിതളിടും വഴിനിറയെ പുല്ലുകള്‍..
നിരന്തരം നിന്നെ നുകര്‍ന്നു പോകവെ
മനസ്സിലെപ്പുല്ലും നിഴലും പൂക്കുന്നു…
പരസ്പരം നമ്മെ നനയ്ക്കും കാനന-
ത്തുടുപ്പുപോലൊരു
തണല്‍വഴി മിന്നി-
ത്തെളിയുന്നൂ…

എന്നാല്‍
മനസ്സില്‍ നിന്നുനിന്‍ നനവു വറ്റവെ
സ്മരണയിലൊരു വരണ്ടതാം വഴി
തെളിയുന്നു…നിന്‍റെ വെയിലുമായി ഞാന്‍
നടക്കുമ്പോള്‍ ചുറ്റും തിളങ്ങിടും മഞ്ഞില്‍
വെറികള്‍ പെയ്യുന്നു.
കനവുകളൂറി നിറയവേ വീണ്ടു-
മിതളിടുമകം നിറയെ പച്ചകള്‍.

2. നക്ഷത്രമെണ്ണല്‍

നോക്കൂ,
ലോകമാകെ ക്ഷീണിച്ചുറങ്ങുമ്പോള്‍
കൈകോര്‍ത്ത്
നഗ്നപാദരായ്
ഏതെങ്കിലും പുല്‍പ്പടര്‍പ്പില്‍
എത്തണം നമുക്ക്…

ശേഷിക്കുന്ന നക്ഷത്രങ്ങളെ എണ്ണിനോക്കാന്‍
നിന്നെ ഞാന്‍
മെല്ലെ അവിടെ   കിടത്തും..
നീ നക്ഷത്രമെണ്ണുമ്പോള്‍
ഞാന്‍
അരിക്കുമിളുകള്‍ കിളിര്‍പ്പിക്കുന്ന
തിരക്കിലാകും..

ക്ഷീണിച്ചു
മടങ്ങാനൊരുങ്ങുമ്പോള്‍
നക്ഷത്രങ്ങളെ
എണ്ണിക്കഴിഞ്ഞാലും
ഇല്ലെന്നു നീ
കള്ളം പറയും….

3. സ്വാസ്ഥ്യം

ചിതറിയൊടുങ്ങുവാന്‍-
മടിച്ച മഞ്ഞിന്‍ കണ-
മന്തിയില്‍, മരക്കൊമ്പില്‍
മഞ്ഞച്ചൊരിലയുടെ
പുറത്തു ചേക്കേറുന്നു.

പുലര്‍ച്ചെ സ്വസ്ഥം പറ-
ന്നിറങ്ങി മണ്ണിന്‍മാറി-
ലിരുന്നു ബിംബിക്കുന്നു.
അനന്തമാമീപ്രപ-
ഞ്ചത്തിനെ നെഞ്ചേറ്റുന്നു.

4. ലഹരി

ജലത്തിലൂടൊരാ-
ളൊഴുകി നീങ്ങുന്നു.
ശിരസ്സിൽനിന്നൊരു
കിളി,ചിറകുകൾ
കുടഞ്ഞെറിഞ്ഞിറ്റു
നനവുമില്ലാതെ
പറന്നുപോകുന്നു.

ചിറകുനീർത്തിടും
നിഴലിൽ ഭൂതല-
മിരുണ്ടുപോകുന്നു.

ഫോണ്‍:9846810554

azeemthannimoodu@gmail.com

കഥ

വടുകൻ്റെ പാട്ട്

വി ഷിനിലാല്‍

വര: വി കെ അജിത്കുമാര്‍ 

കാർബി അംഗ് ലോംഗിലെ’ പോലീസ് സൂപ്രണ്ട് എന്റെ ക്ലാസ്മേറ്റാണ്.’ കാറിന്റെ പിൻസീറ്റിലേക്ക് ഒന്നുകൂടി ചാരിക്കിടന്നുകൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് റിയർവ്യൂ മിററിൽ തെളിയുന്ന ഡ്രൈവറുടെ മുഖം നോക്കി. അതിൽ ഭാവമാറ്റമൊന്നും കണ്ടില്ല. പിന്നിൽ ഏറെ നേരമായി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന വലിയ ലോറിയുടെ വെട്ടം കാറിനെ ആകമാനം കുളിപ്പിക്കന്നതിനാൽ ഈ അർദ്ധരാത്രിയിലും അവന്റെ മുഖം തെളിഞ്ഞു കാണാമായിരുന്നു. അത് നിർവ്വികാരവും വടുക്കൾ നിറഞ്ഞതുമായിരുന്നു. വളഞ്ഞ വാൾകൊണ്ട് വെട്ടേറ്റത് പോലെ ഒരടയാളം നെറ്റിയിൽ നിന്നും ചെകിടിലേക്കൊരു ഒറ്റയടിപ്പാത തീർത്തിരുന്നു.

‘ഞങ്ങൾ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു വരെ ഒന്നിച്ചാണ് പഠിച്ചത്.’ ഞാൻ ഒന്നു കൂടി ഉറപ്പിച്ചു.

ഇപ്പോൾ അവൻ വിൻഡോ ഗ്ളാസ്സ് താഴ്ത്തി. തല പുറത്തേക്കിട്ടു. പാൻ വെളിയിലേക്ക് നീട്ടിത്തുപ്പി. കാറിന്റെ പുറത്തുതന്നെ ഏറെയും തുപ്പൽ തെറിച്ചുവീണു. ഏറെ നേരമായി പിന്തുടരുന്ന ചരക്ക് ലോറിയെ അവൻ കടന്നു പോകാൻ അനുവദിച്ചു. എന്നിട്ട് അവൻ പറഞ്ഞു:

‘കഴിഞ്ഞ ആഴ്ചയാണ് കൊക്രജാറിലെ എസ്.പി.യെ തട്ടിക്കൊണ്ട് പോയത്. ആളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല.’

‘അതിനും ഒരാഴ്ച മുമ്പാണ് നാൻഗോൺ ജില്ലയിലെ എസ്.പി.യുടെ കഴുത്തറുത്തത്.’ ഇപ്പോൾ സംസാരിക്കുന്നത് ജൈറോങ് പയാങാണ്. അവൻ മുൻ സീറ്റിലാണ് ഇരിക്കുന്നത്. ഡ്രൈവർ വിൻഡോ ഗ്ലാസ്സ് അടച്ചു. പുറത്തുനിന്നും അകത്തേക്ക് മുഴങ്ങിക്കയറിയ ശീതക്കാറ്റ് കാറിനുള്ളിൽ ഘനീഭവിച്ചു.

അത് ഭീതിയായി തങ്ങിനിന്നു.

ഗുവാഹട്ടിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് ഞാൻ പയാങിനെ പരിചയപ്പെടുന്നത്. അവന്റെ ആദ്യ വിമാന യാത്രയായിരുന്നു. എന്നെ അനുകരിച്ചാണ് അവൻ യാത്രയുടെ അപരിചിതത്വം മാറ്റിയത്. അങ്ങനെ ഇടക്കിടെ അവനെന്നെ നോക്കിയപ്പോൾ വല്ലാത്ത ഇറിറ്റേഷൻ തോന്നിയിരുന്നു. അതിന് കാരണം വർഗ്ഗം വെളിപ്പെടുത്തുന്ന അവന്റെ വേഷമായിരുന്നു. വിലകുറഞ്ഞ ഷർട്ടും പാന്റ്സും വിമാനയാത്ര പ്രമാണിച്ച് ഇൻസർട്ട് ചെയ്യാൻ വേണ്ടി വാങ്ങിയ പ്ലാസ്റ്റിക് ബെൽറ്റും ഒക്കെയാണ് അവൻ ധരിച്ചിരുന്നത്. ഗോഹട്ടിയിലേക്കുള്ള വിമാനങ്ങളിൽ ഇപ്പോൾ തൊഴിലാളികളുടെ എണ്ണം കൂടുതലുണ്ട് എന്ന് പത്രമാഫീസിലെ സഹപ്രവർത്തകർ പറഞ്ഞിരുന്നു.

മജൂലിദ്വീപിൽ വർഷാവർഷം നടക്കുന്ന മിസിങ്ങ് ആദിവാസി ഉത്സവത്തെ കുറിച്ച് ഫീച്ചർ തയ്യാറാക്കാനാണ് എഡിറ്റർ എന്നെ നിയോഗിച്ചത്. ആ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുന്നതിന് ഒരു കാരണമുണ്ടായിരുന്നു. നാൽപ്പതുകളിൽ ആസാമിലേക്ക് പണിക്കുപോയ ഒരാളുടെ ബാക്കിയന്വഷിക്കുക എന്നതായിരുന്നു അതിലും വലിയ ആഗ്രഹം. കാരണം, അന്ന് വീട് വിട്ടിറങ്ങുമ്പോൾ ആ മനുഷ്യൻ നെറ്റിയിൽ പതിപ്പിച്ച ഉമ്മയുടെ ചൂടുമായി ഒരു മകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

എന്റെ അമ്മ.

വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോഴും പയാങ് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം ഗോഹട്ടിയിലെ ട്രാവൽ ഏജന്റിനെ ഫോണിൽ വിളിച്ച് ഞാൻ പരാജയപ്പെട്ടുകൊണ്ടിരുന്നു. എന്റെ ധർമ്മസങ്കടം കണ്ടാവണം അവൻ പറഞ്ഞു.

‘സാർ പേടിക്കണ്ട. പുലർച്ചെ ജോർഹട്ടിലേക്ക് തീവണ്ടിയുണ്ട്. അല്ലെങ്കിൽ, ഞാനൊന്ന് നോക്കട്ടെ.’ അവൻ ആരെയോ ഫോൺ ചെയ്തു. ‘രക്ഷപ്പെട്ടു സാർ. എന്റെ ചങ്ങാതി ആഴ്ചയിൽ മൂന്ന് ദിവസം ഗോഹട്ടിയിൽ വരും. കാസിരംഗയിൽ നിന്നുള്ള ടൂറിസ്റ്റുകളെ എയർപോർട്ടിലെത്തിക്കുന്ന കരാർവണ്ടിയുടെ ഡ്രൈവറാണ് അവൻ. നമുക്ക് ഭാഗ്യമുണ്ട്. അവൻ ഇവിടെയുണ്ട് സാർ.’

തികച്ചും അപരിചിതമായ പ്രദേശത്ത് തികച്ചും അപരിചിതരായ മനുഷ്യർക്കൊപ്പം. എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ എനിക്ക് സമയം കിട്ടിയില്ല. അപ്പോഴേക്കും ഒരു പഴയ ക്വാളിസ് മുന്നിൽ വന്നുനിന്നു.

ഇപ്പോൾ ഈ കാറിനുള്ളിൽ ഇരിക്കുമ്പോൾ എല്ലാം ഒരു തിരക്കഥയുടെ ഭാഗമാണെന്ന് ഞാൻ സംശയിക്കാൻ തുടങ്ങി. അവർ രണ്ടുപേർ കഥാപാത്രങ്ങൾ. അവരുടെ ഭാഗം തിരക്കഥയനുസരിച്ച് അഭിനയിക്കുകയാണ്. അഭിനയിക്കാതെ ഞാൻ.

എനിക്കപ്പോൾ ഒരു ചായ കുടിക്കാൻ തോന്നി. വിജനമായ ദേശീയ പാതയിൽ ചരക്ക് ലോറികൾ മാത്രം പായുന്ന ആറുവരികളിൽ ചൂട് പറക്കുന്ന ചായ കിട്ടുന്ന ഒരു കട കണ്ടെങ്കിൽ!

‘അടുത്തെങ്ങും കടകളില്ല.’ ഇതും പറഞ്ഞുകൊണ്ട് ഡ്രൈവർ വണ്ടിയുടെ വേഗത കുറച്ചു. കാൽച്ചുവട്ടിൽ നിന്നും ഒരു ഫ്ലാസ്ക്കെടുത്ത് തുറന്നു.

ചായ.

ആവി പാറുന്ന കപ്പ് അവൻ പിന്നിലേക്ക് നീട്ടി.

ചൂട് ചായ ആസ്വദിച്ച് കുടിച്ചുതീർന്നതും ഉള്ളിൽ ഒരാന്തൽ കുത്തിക്കയറി.

അപ്പോൾ കാർ ആൾവാസമുള്ള ചെറുനഗരത്തിൽ കൂടി കടന്നു പോകുകയായിരുന്നു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ പുറത്തെ ബോർഡ് ഞാൻ വായിച്ചു. ‘നെല്ലി.’ (1)

നെല്ലി. എങ്ങനെയോ പരിചിതമായ സ്ഥലപ്പേര്. ഒരുതരം ഭീതിയായി ആ പേര് എന്റെ ഉപബോധമനസ്സിൽ തങ്ങി കിടക്കുന്നുണ്ട്. എന്നാൽ എത്ര ശ്രമിച്ചിട്ടും ഓർമ്മ വരുന്നില്ല. ഗൂഗിൾ ചെയ്യാം എന്നു കരുതി ഞാൻ ഫോണെടുത്തു.

എന്റെ ഭീതിയെ അതിഭീതിയാക്കിക്കൊണ്ട് ഫോൺ സ്വിച്ചോഫായി കഴിഞ്ഞിരുന്നു. വിവരണമില്ലാത്ത മരവിപ്പിൽ നിസ്സംഗതയുടെ ആൾരൂപമായി ഞാൻ കാൽമുട്ടുകളിലേക്ക് കുനിഞ്ഞു.

ഈ ഭീതി വെറുതെയാണെന്ന് തിരിച്ചറിയാനുള്ള ബോധം എനിക്കില്ലാത്തതല്ല. എന്നാൽ ബുദ്ധിക്ക് വഴങ്ങാത്തൊരു മനസ്സിന്റെ കുസൃതിയായി വളർന്നുവന്ന അനാവശ്യ ഭീതിയിൽ ജെറോങ് പയാങും, ചുവന്ന കണ്ണുകളും മുഖമാകെ വടുക്കളും സദാ പാൻ ചവയ്ക്കുന്നവനും ഒറ്റനോട്ടത്തിൽ ഭയപ്പാടുണ്ടാക്കുന്നവനുമായ ഡ്രൈവറും വില്ലൻ കഥാപാത്രങ്ങളും ഞാൻ തട്ടിക്കൊണ്ട് പോകലിന് വിധേയനായ പ്രവർത്തകനുമായി മാറി. ഉറക്കത്തെ ഭയം വരിഞ്ഞു.

പെട്ടെന്നാണ് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടത്. ഞെട്ടിയുണരുമ്പോൾ വിജനമായ ഹൈവേയിൽ ക്വാളിസ് നിശ്ചലമായിരിക്കുന്നു. റോഡിന് വെളിയിലാണ്. ഒരു വശത്ത് പൊന്തക്കാടാണ്. മറുവശത്ത് നിലക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾ തീർത്ത മതിലും. അവർ രണ്ടുപേരും പുറത്തിറങ്ങി. കാറിന്റെ ഡിക്കി തുറന്ന് ഡ്രൈവർ ജാക്കി ലിവർ പുറത്തെടുത്തു.

ഒരുപക്ഷേ, എന്നെ തലയ്ക്കടിച്ച് കൊല്ലാനാവും. ഞാൻ എന്റെ അവയവങ്ങളുടെ മതിപ്പുവില കണക്കാക്കി. അപ്പോൾ പയാങ് വിളിച്ചു: ‘പുറത്തുവാ സാറെ.’ ഞാൻ ബലി വിധിക്കപ്പെട്ട ആടിന്റെ നിസ്സംഗതയോടെ പുറത്തിറങ്ങി. മരവിപ്പിക്കുന്ന തണുപ്പിൽ വിറച്ചു നിന്നു. ആ സമയംകൊണ്ട് ഡ്രൈവർ ടയർ മാറ്റുകയും അവർ തമ്മിൽ എനിക്കപരിചിതമായ ആസാമിയിൽ എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. ഇടക്കിടെ അവർ പൊട്ടിച്ചിരിച്ചു. എന്നെ പരിഹസിച്ചു തന്നെയാവണം.

പെട്ടെന്നാണ് ഡ്രൈവർ പാടാൻ തുടങ്ങിയത്. രൂപത്തിന് ചേരാത്ത വിധം മഞ്ഞിന്റെ മൃദുത്വമുള്ളതായിരുന്നു അവന്റെ ശബ്ദം. എന്റെയുള്ളിൽ ഘനീഭവിച്ചുനിന്ന ഭയമലിഞ്ഞലിഞ്ഞ് ശാന്തമായി. അതുവരെ ഞാൻ കണ്ടുനിന്ന ക്രൗര്യരൂപം അർത്ഥമറിയാത്ത ഭാഷയിലെങ്കിലും എന്നെ അലിയിക്കുന്ന നിലാവായി മാറിയത് പെട്ടെന്നാണ്. അവന്റെ പാട്ടിന്റെ വരികളുടെ അർത്ഥം പയാങ് എനിക്ക് പറഞ്ഞു തന്നു.

‘മല തകർത്തൊഴുകിയ ബ്രഹ്മപുത്ര,

മുളങ്കുടിലുകളുടെ അടിത്തട്ടിൽ

വന്നുമ്മ വയ്ക്കുന്നു.

നെയ്ത്തുസാരിയുടുത്ത മിസിങ് കന്യക

മുളവാതിലിൽ ചാരിയിരിക്കുന്നു.

വിശപ്പും ദാഹവുമുണ്ടെങ്കിലും

ഒരാളെ കാത്തിരിക്കുന്ന സുഖത്തിലാണവൾ.

അവനാകട്ടെ നദിയുടെ മറുകരയിലാണ്.

നദിയടങ്ങുമ്പോൾ അവൻ വരും.

അന്ന് എക്കൽ പാടങ്ങളിൽ

ഒറ്റപ്പെട്ടുകിടക്കുന്ന ഗോരുമീനുകളെ

വെറുംകൈ കൊണ്ട് പിടിച്ച് …

………………………………..’

വണ്ടിയോടിക്കുമ്പോഴും അവൻപാട്ട് നിർത്തുന്നില്ല.

ഞാൻ നോക്കിയിരിക്കെ അവന്റെ മുഖത്തുള്ള വടുക്കൾ ഒന്നൊന്നായി അപ്രത്യക്ഷമായി.

അവൻ ഭൂമിയിലേക്കും ഏറ്റവും സൗന്ദര്യമുള്ളവനായി.’

കവിത

കള്ളൻ

ശ്രീദേവി എസ് കർത്ത
വര: രാജേഷ് രാഘവൻ

ജലാലുദിൻ റൂമി വന്നിരുന്നു
ഉറങ്ങുമ്പോൾ പാട്ട് പാടണം
പൊട്ടിച്ചിരിച്ചു കൊണ്ടുമ്മ വയ്ക്കണം
തകർന്ന ചഷകത്തിൽ നിലാവ് വിളമ്പണം

മൈൻഡ് ചെയ്തില്ല

പുതപ്പുമെടുത്തു മട്ടുപ്പാവിൽ പോയികിടന്നു
സുഗന്ധമുള്ള ആകാശം
രുചിയുള്ള മിന്നൽ

ഉണർന്നപ്പോൾ റുമിയെക്കണ്ടില്ല
എഴുതണമെന്നു മനസിൽ കുറിച്ച്
വച്ച കവിതകളൊന്നുമില്ല

ആകാശമില്ല

ആകെ ബാക്കിയായത് ഒരു വരി
അതും അയാളുടെ ..

ലേഖനം

സ്ഥലങ്ങൾ ഒരു ഓപ്പറയിൽ  പങ്കെടുക്കുമ്പോൾ

സുദീപ് ടി ജോർജ്

എഴുതിയ ഓരോ കഥയെക്കുറിച്ചും എഴുത്തുകാർക്ക് പലതും പറയാനുണ്ടാവും. എന്നാൽ അവയൊക്കെയും ഓർത്തെടുത്ത് ഒരു തുടർച്ചയോടെ കുറിച്ചു വെക്കാൻ അത്രയെളുപ്പമല്ല. കാരണം, ഓർമ്മയും ഭാവനയും തമ്മിൽ എഴുത്തുകാരൻ പോലും അറിയാതെ സംഭവിക്കുന്ന ഒരു രതിയിലൂടെയാണല്ലോ ഓരോ കഥയും പിറക്കുന്നത്.

ടൈഗർ ഓപ്പറ എന്ന കഥ എഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തരണമെന്ന് കുറച്ചു നാളുകൾക്കു മുമ്പ് ഷുജാദേട്ടൻ ( എസ്.എ. ഷുജാദ്) ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോൾ ചിലതെല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. കഥയ്ക്കു പിന്നിലെ കഥയെക്കുറിച്ചേ അല്ല ഇവിടെ പറയുന്നത്. മറിച്ച്, എന്റെയുള്ളിൽ കസേര വലിച്ചിട്ട് കടന്നിരുന്ന ചില സ്ഥലങ്ങൾ ആ കഥയിൽ എങ്ങനെ ഇടം പിടിച്ചു എന്നതിനെപ്പറ്റി മാത്രമാണ്.

ഇന്ത്യയിൽ എല്ലാ ദിവസവും ഏറ്റവും ആദ്യം നടതുറക്കുന്ന അമ്പലം കോട്ടയം പട്ടണത്തിനു തൊട്ടടുത്തുള്ള തിരുവാർപ്പിലാണ്. ആ ക്ഷേത്രം കാണാനാണ് പത്തുവർഷങ്ങൾക്കു മുമ്പ് ആദ്യമായി ഞാൻ അവിടെ പോകുന്നത്. ഒന്നാം തിരുവാർപ്പ് യാത്ര!

വേളൂർ കൃഷ്ണൻകുട്ടിയുടെ നാട്ടിലൂടെ, അദ്ദേഹത്തിന്റെ കഥയിൽ കെ. ജി. ജോർജ് എടുത്ത “പഞ്ചവടിപ്പാലം’ എന്ന സിനിമ ഷൂട്ട് ചെയ്ത ഇടങ്ങളിലൂടെ, ഇല്ലിക്കൽ പാലം കടന്ന് മുക്കവലയയിൽ നിന്ന് ഇടം തിരിഞ്ഞ് നേരെ ഒറ്റവഴി. മീനച്ചിലാറിന്റെ തീരത്തൂടെ രണ്ടുരണ്ടര കിലോമീറ്റർ വരും.അത് തീരുന്നത് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലാണ്.

അതിനപ്പുറം വേമ്പനാട്ടു കായൽ. കണ്ടങ്ങളും കനാലുകളും കായലും കെട്ടിപ്പുണർന്നു കിടക്കുന്ന നാടാണ് തിരുവാർപ്പ്. അവിടവിടെയായി ചില ഷാപ്പുകൾ. നോക്കുന്നിടത്തെല്ലാം മരങ്ങൾ, ചെടികൾ, തണലുകൾ, തണുപ്പുകൾ…പച്ചയുടെ ഉത്സവം. അമ്പലം കാണാൻ ചെന്ന ഞാൻ നാലുചുറ്റിലുംനിന്ന് പ്രകൃതി നടതുറന്നിറങ്ങി വരുന്നതു കണ്ടപ്പോൾ അനങ്ങാതെ ഒരു കുളക്കരയിൽ നിന്നുപോയി.

പിന്നെയും ആ വഴിയിലൂടെ പോക്കുവരവുണ്ടായി. ചിലപ്പോൾ കിളിരൂരിൽ ഇറങ്ങി. മറ്റു ചിലപ്പോൾ, തോടിനു കുറുകെയുള്ള പാലം കടന്ന് കാഞ്ഞിരം ജെട്ടിയോളം ചെല്ലും. ആലപ്പുഴയ്ക്കുള്ള ബോട്ട് കിടപ്പുണ്ടെങ്കിൽ അതിൽ ഒരു മണിക്കൂർ സഞ്ചരിച്ച് കായലിനു നടുക്കുള്ള ആർ.ബ്ലോക്കിൽ ചെന്നിറങ്ങും. ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പിലേക്കു പോകുന്നതിനു പകരം നേരെ എതിർദിശയിലേക്കു തിരിഞ്ഞാൽ എത്തുന്നത് വെച്ചൂരിലും തണ്ണീർമുക്കത്തും ചേർത്തലയിലുമൊക്കെയാണ്. ആ പാത പോകുന്നത് കുമരകത്തൂടെയും. പകലും രാത്രിയുമായി അങ്ങനെ എത്രയോ വട്ടം.

ഉള്ളിൽ ഏതെങ്കിലും തരത്തിൽ പതിഞ്ഞിട്ടുള്ള സ്ഥലങ്ങളൊക്കെ അവിടെത്തന്നെ കിടക്കും; എല്ലാ വിശദാംശങ്ങളോടെയും. അതിൽനിന്ന് ആവശ്യമുള്ളത് എടുത്താൽ മാത്രം മതി. ആദ്യത്തെ തിരുവാർപ്പ്, തണ്ണീർമുക്കം യാത്രകൾ കഴിഞ്ഞ് ഏഴുകൊല്ലങ്ങൾക്കു ശേഷമാണ് “ടൈഗർ ഒാപ്പറ’ എന്ന കഥയെഴുതുന്നത്. മാങ്കോട്ട ഉതവിയെ രാത്രിയിൽ വീട്ടിൽനിന്നു വലിച്ചിറക്കി മുറ്റത്തിട്ട് വാരിക്കുന്തത്തിൽ കൊരുത്ത വിപ്ലവകാരികൾ പുഷ്കിൻ ദാമോദരന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽ നീന്തിക്കയറിയത് വെച്ചൂരിലേക്കാണ്. അവിടെനിന്ന് അവർ എങ്ങോട്ടു പോവും? പോലീസിന്റെ കൈയിൽപ്പെടാതെ അവരെ എവിടെ ഒളിപ്പിക്കും? ആലോചിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു വന്ന സ്ഥലം തിരുവാർപ്പാണ്. കഥാപാത്രങ്ങളുമായി നേരെ തെക്കോട്ടു വിട്ടു. അവിടെ, ഷാപ്പിനു പിന്നിൽ, കായലിലേക്കുള്ള ഒറ്റയടിപ്പാതയുടെ ഒാരത്ത് പോതപ്പുല്ലുകൾക്കിടയിൽ മറഞ്ഞുകിടക്കുന്ന വള്ളപ്പുരയിൽ അവരെ എത്തിച്ചു. കാഞ്ഞിരംകാരനായ കൊച്ചാപ്പി ഒറ്റുകൊടുക്കുന്നതു വരെയും അവർ അവിടെ പാർത്തു.

കണ്ടുമുട്ടിയ ആളുകളേക്കാൾ, ചെന്നെത്തിയ സ്ഥലങ്ങൾ എന്നെ എഴുത്തിനിടയിൽ ഏറെ അനുഗ്രഹിച്ചിട്ടുണ്ട്. ടൈഗർ ഒാപ്പറയിൽ അത് കുറച്ചുകൂടി അധികമായി അനുഭവപ്പെട്ടു. അതിലെ ഒാരോ കഥാപാത്രത്തിനുമൊപ്പം അവരുടെ ഇടങ്ങളും വിശദാംശങ്ങളോടെ ഉള്ളിലേക്കു കയറി വന്നു. ഞാനത് പകർത്തുക മാത്രം ചെയ്തു. ആ കഥയിൽ പറഞ്ഞിട്ടുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലൂടെയും (ജാർഖണ്ഡിലെ റാഞ്ചിയും ലൊഹാർദഗയും അടക്കം) ജീവിതത്തിൽ പലപ്പോഴും കടന്നുപോയിട്ടുള്ളതാവാം കാരണമെന്നു തോന്നുന്നു.

2013-ന്റെ ഒടുക്കം മുതൽ 2014-ന്റെ പകുതി വരെ റാഞ്ചിയിൽ ഞാനൊരു നാടുകടത്തപ്പെട്ട പത്രപ്രവർത്തകനായി കഴിഞ്ഞിട്ടുണ്ട്… അവിടെവെച്ചാണ് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫർ മഹാദേവ് സെന്നിനെ കാണുന്നത്. തൊട്ടടുത്ത ഹോളിക്ക് അദ്ദേഹം എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുമ്പോൾ, മഹാദേവിന്റെ അച്ഛൻ പറഞ്ഞു : “വളരെക്കാലം മുമ്പ് ഞാൻ തലശ്ശേരിയിൽ സർക്കസ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.’ ടൈഗർ ഓപ്പറ എന്ന കഥയിലേക്കെത്തിച്ച ആദ്യ പൊരി (സ്പാർക്ക് എന്ന് മലയാളം!) കളിലൊന്ന് ആ വരിയായിരുന്നു.

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ദശകങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന വിപ്ലവകാരിയും ജന്മിമാരുടെ ചൂഷണങ്ങൾക്കെതിരെയുള്ള മധ്യതിരുവിതാംകൂറിലെ കർഷകത്തൊഴിലാളികളുടെ ചെറുത്തുനില്പിന്റെ ചരിത്രവും, മരിച്ച് ഒരു നൂറ്റാണ്ടിനു ശേഷം ജോസഫ് സ്റ്റാലിനാൽ കമ്മ്യൂണിസത്തിൽ മാമ്മോദീസ മുക്കപ്പെട്ട റഷ്യൻ മഹാകവി അലക്സാണ്ടർ പുഷ്കിനും മോസ്കോയിൽ നടന്ന അന്നത്തെ ആ ചടങ്ങിനു കാർമ്മികനാവുകയും ഒട്ടും വൈകാതെ എന്നെന്നേക്കുമായി അപ്രത്യക്ഷനാകുകയും ചെയ്ത സോവിയറ്റ് കമ്മിസാർ ആന്ദ്രേ ബബ്നോവുമെല്ലാം അവരവരുടെ സമയവും സാവകാശവുമെടുത്ത് കഥയിലേക്കു കയറിക്കയറി വന്നു. അങ്ങനെയങ്ങനെയങ്ങനെ ഏഴു കടുവകളെ കൂട്ടുപിടിച്ച് കഥയുടെ സർക്കസ് കൂടാരത്തിനുള്ളിലൊരോപ്പറ നടത്താൻ പുഷ്കിൻ ദാമോദരന് റിങ്ങൊരുങ്ങി.

ഒരു കഥയും പെട്ടെന്നങ്ങനെ സംഭവിക്കുകയല്ലല്ലോ. ഒരുപാടു കാലമായി ഉള്ളിൽക്കിടക്കുന്ന അനുഭവങ്ങളും കാഴ്ചകളും ഒച്ചകളും മണങ്ങളുമെല്ലാംകൂടി ഒത്തുചേർന്നാണല്ലോ ഓരോ വരിയും പണിയുന്നത്. വെള്ളക്കടലാസിലോ കമ്പ്യൂട്ടറിലെ വെട്ടമുള്ള സ്ക്രീനിലോ വന്നുവീണ് കൈകാലിട്ടടിച്ച് കരയുന്നതിനു മുമ്പ് എഴുത്തുകാരന്റെയുള്ളിൽ മറ്റൊരു ജീവിതം അത് ജീവിക്കുന്നുണ്ട്. എഴുത്തുകാരൻ അപ്പോൾ അത് അറിയണമെന്നില്ല. അറിയാതിരിക്കുന്നതാണ് സുഖം. എങ്കിലല്ലേ, എഴുതിയത് വായിച്ചു നോക്കുമ്പോൾ അപരിചിതത്വവും ആരിതെഴുതി എന്ന ആശ്ചര്യവും തോന്നൂ. അതുതന്നെയാണ് എഴുത്തുകാരന്റെ കഷ്ടരാത്രികൾക്കു കിട്ടുന്ന ആദ്യത്തെ പ്രതിഫലവും.

കവിത

മാനത്തുകണ്ണി

എം ആർ രേണുകുമാർ


കാൽപ്പാടുകൾ
പതിഞ്ഞുപതിഞ്ഞ്
കടലുപോലായ മുറ്റത്ത് തുറന്നുവെച്ച പുസ്തകത്തിലേക്ക് നോക്കാതെ,
മാനത്ത് നോക്കി മനക്കണ്ണുകൊണ്ടത്
മൗനമായ് വായിക്കുന്നു മുട്ടുകാലിൽ
നിന്നൊരു പെൺകുട്ടി

ഏകാന്തമൂകതയാൽ എഴുതിയതുകൊണ്ടാവാം അവളുടെ കണ്ണുകള്‍
പിന്നെയും പിന്നെയുമിങ്ങനെ
അഗാധമാകുന്നത്

മഴക്കാലത്തിന്റെ
ഓര്‍മ്മപോലെ
അവളുടെ മാറിടത്തില്‍ പായല്‍പ്പച്ചയുടെ
ഉണങ്ങിയ മിച്ചങ്ങള്‍

നെറുകില്‍ വെയില്‍പ്പകലുകളുടെ
കടന്നൽ കുത്തുകള്‍
അടിവയറ്റിലേക്കാരോ
വിരൽ തിരുകിയതിന്റെ
നേർത്ത പൊട്ടലുകൾ

തന്നെയിങ്ങനെ തനിച്ചാക്കിപ്പോയ
ശില്‍പ്പിയുടെ പേര്
ആകാശത്താളിൽ
മിന്നലുകളെഴുതുന്നത് കാത്താണോ
ഈ പെങ്കൊച്ചിങ്ങനെ
മുട്ടുകാലിൽ നിൽക്കുന്നത്.

കവിത

തടാകക്കരയിലെ കാണാക്കാഴ്ചകൾ

പി.വൈ. ബാലൻ

വര : കൃഷ്ണ അജിത്

ഞാൻ പ്രണയിച്ച
ഫോട്ടോയ്ക്ക് നന്നെന്ന് നിരൂപിച്ച
കറുത്ത സുന്ദരി പ്രണയം എന്നോടു മാത്രം
മറച്ചതെന്തെന്ന് ചോദ്യം മുഴക്കി;
തടാകമൊന്നിളകി.

ഇടവഴി താണ്ടി കവലയിലിറങ്ങി
കൂട്ടുകാരൊത്തു കുശലം പറഞ്ഞ്
എല്ലാം മറന്നു, വീണ്ടുമോരോ കാര്യം പറഞ്ഞ്
വാക്കേറ്റമായി
തടാകം ചൂടുപിടിച്ചതറിഞ്ഞില്ല

ബെഡ്ഡിൽ മലർന്നു കിടന്നു
തടാകം തിളച്ചുമറിഞ്ഞ് വൻതിരകൾ
സ്രാവുകൾ ജലോപരിതലത്തിൽ ചാടിക്കളിച്ചു
തിമിംഗലങ്ങൾ കടലാസുകപ്പലുകളെ
മറിച്ചപ്പോൾ അവൾ ചിരിച്ചു
ഒരു സ്രാവ് അവളുടെ കൈ പിടിച്ച്
അപ്രത്യക്ഷമായി,
മാനത്തു കണ്ണികൾ
തടാകക്കരയിൽ ചത്തടിഞ്ഞിരുന്നു.

ഡോക്ടറുടെ ഗുളിക കഴിച്ച്
മൂന്നു രാവുകൾ പിന്നിട്ട്
സ്രാവുകൾ മറഞ്ഞു
രണ്ടു രാവുകൾ കൂടി പിന്നിട്ട്
തിമിംഗലങ്ങളും മറഞ്ഞു
തടാകക്കരയിൽ
അവളെയും കണ്ടില്ല
കടലാസുകപ്പൽ
ഒരു കടലാസായ് നിവർന്നു കിടന്നു.

തിരമാലകൾ കുഞ്ഞോളങ്ങളായ്
തടാകം ഗാഢനിദ്രയിലാണ്ടു.

കഥ

അനിമൽ ഫാം

സുനിൽ
ഡിസൈൻ വി കെ അജിത് കുമാർ

വിനിമയവിതരണത്തിൽ  പഴയ നാണയങ്ങൾ കാലം തെറ്റിയതറിഞ്ഞ് അല്ലറ ചില്ലറ തുട്ടുകളുടെ സമ്പാദ്യവുമായി നിറഞ്ഞുകൊണ്ടിരുന്ന പിഗ്ഗി ബാങ്ക് ഒരു ദിവസം മനംനൊന്ത് സ്വയം അമിട്ടുപോലെ പൊട്ടിത്തെറിച്ചു.

ഹാപ്പി ബർത്ത് ഡേയ്ക്ക് ഗ്ലിറ്റർ ബോംബിൽ  നിന്നും വർണ്ണക്കടലാസ് തെറിക്കും പോലെ കാലഹരണപ്പെട്ട നാണയങ്ങൾനാലുപാടും ചിതറിത്തെറിച്ചു.

സാമ്പത്തികമാന്ദ്യവും കൂടിയ തീറ്റവിലകളും വീർപ്പു മുട്ടിച്ച അന്നു രാത്രിയാണ് പ്രജാപതി സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിച്ചത്. 

റാന്തലും കത്തിയുമെടുത്ത് ആദ്യമയാൾ പശുത്തൊഴുത്തിലേക്ക് പോയി. പശുക്കളെയും കുട്ടികളെയും ഓരോന്നിനെയായി കയർ അറുത്ത് വിട്ടു. എല്ലാവരും പുറത്തായി എന്ന് സ്വയം ബോധ്യപ്പെടുത്തിയ ശേഷം അയാൾ പന്നിക്കൂടിനടുത്തേക്ക് പോയി. തിക്കിത്തിരക്കുന്ന പന്നിമൂക്കുകൾ റാന്തൽ വെളിച്ചത്തിൽ എന്തോ മണം പിടിക്കുന്നുണ്ടായിരുന്നു. അതൊന്നും ഗൌനിക്കാതെ വാതിൽ തുറന്ന് അയാൾ അവയെ ആട്ടിപ്പുറത്താക്കാന് ശ്രമിച്ചു. കുറെ പന്നികൾ പുറത്ത് ചാടി. സ്വാതന്ത്ര്യത്തിൽ വിശ്വാസം വരാത്ത പന്നികൾ കൂടിനകത്തുതന്നെ കറങ്ങി ഓടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വിധത്തിൽ അയാൾ എല്ലാത്തിനെയും പുറത്താക്കി. പന്നികൾ നാലുപാടും ചിതറി ഓടി.

പിന്നെ അയാൾ ആട്, കോഴി, താറാവ്, കാട, മുയൽ പട്ടി എന്നിങ്ങനെ ഓരോ കൂടും തുറന്ന് എല്ലാവരെയും പുറത്താക്കി. പട്ടി മാത്രം വാലാട്ടി അയാളെ പിന്തുടർന്നു. മറ്റുള്ളവർ അവരുടെ പാട്ടിന് പോയി. 

റാന്തലുയർത്തിപ്പിടിച്ച് അയാൾപറമ്പിലേക്ക് നോക്കുമ്പോൾ കൂടുവിട്ട ജീവികളെല്ലാം ഇട കലർന്ന് കൂട്ടം കൂടുകയായിരുന്നു.

അപ്പോൾ റാന്തൽ താഴെ വെച്ച്, ആകാശത്ത് തെളിഞ്ഞ നക്ഷത്രത്തിലേക്ക് നോക്കി കൈ ഉയർത്തി അയാൾ ജീവികളോടായി പറഞ്ഞു:

ഇന്നുമുതൽ  ഞാൻ നിങ്ങളുടെ നാഥനായിരിക്കുന്നതല്ല. ഞാനെന്തിന് നിങ്ങളെ പോറ്റണം. ഇപ്പോൾ മുതൽ നിങ്ങൾ സ്വതന്ത്രരായിരിക്കുന്നു. ഇനി നിങ്ങളുടെ ജീവിതം നിങ്ങളുടെ കാര്യം മാത്രമാണ്. നിങ്ങൾ നിങ്ങളുടെ പ്രാചീനകാടുകളിലേക്ക് മടങ്ങുക. എനിക്ക് എന്റെ വഴി, നിങ്ങൾക്ക്  നിങ്ങളുടേതും.

പറഞ്ഞുകഴിഞ്ഞ് റാന്തലുമെടുത്ത് അയാൾ വരാന്തയിലേക്ക് കയറി. ആ രാത്രി സ്വാതന്ത്ര്യത്തിന്റെ അർമ്മാദത്തിൽ വംശീയമായി തിരിഞ്ഞു അവ തങ്ങളിൽ അക്രമിച്ച് ഒടുങ്ങിക്കൊള്ളുമെന്നാണ് അയാൾ കരുതിയത്.

ചാരുകസേരയിലേക്ക് അലസഗമനനായപ്പോഴാണ് ടീപ്പോയ്ക്ക് മുകളിലെ പുസ്തകം അയാള് കണ്ടത്.

ANIMAL FARM

GEORGE ORWELL

1903ല് ഇന്ത്യയിൽ ജനിച്ച എറിക് ആർതർ ബ്ലയർ എന്ന ഇംഗ്ലീഷ് പൌരൻ എഴുതിയ പുസ്തകം. 

ഇന്ത്യൻ ഭരണകൂടപൌരത്വം ലിസ്റ്റ് ചെയ്ത ആളായിരിക്കുമോ ജോർജ്ജ് ഓർവെൽ എന്ന കള്ളപ്പേരിൽ  യൂറോപ്പിൽഎഴുതി കറങ്ങിയതെന്ന ചിന്ത മാറ്റി പുസ്തകം കൈയിലെടുത്ത് കവറിലേക്ക് സൂക്ഷിച്ച് നോക്കി. ബ്രൌണ് നിറമുള്ള കവറില് പകുതിയ്ക്ക് താഴെയായി ബ്രൌണില് വെള്ള കലർത്തി ഒരു പന്നിയുടെ മങ്ങിയ ചിത്രം. അതിൽ  ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. 

ALL ANIMALS ARE EQUAL. BUT SOME ANIMALS ARE MORE EQUAL THAN OTHERS

പുസ്തകത്തിനകത്തേക്ക് കടക്കാതെ അയാളുടെ മനസ്സ് ചിന്തയാം മണിമന്ദിരത്തിലേക്ക് പാഞ്ഞു കയറി.

അതെ എല്ലാ ജീവികളും തുല്യരാണ്. എന്നാൽ ചില ജീവികൾ മറ്റു ജീവികളെക്കാൾ കൂടുതൽ  തുല്യരാണ്. അതുകൊണ്ടാണല്ലോ സിംഹം രാജാവും കഴുത ചുമട്ടുകാരനും പട്ടി കാവൽക്കാരനും  പശു അമ്മയും കാള അച്ഛനും പന്നിയും പോത്തും പുറമ്പോക്കായതും. ഞങ്ങൾ മനുഷ്യർ മറ്റ് ജീവികളെക്കാൾ കൂടുതൽ തുല്യരായതും, അതിൽ തന്നെ അധികാരികൾ മറ്റ് പ്രജകളെക്കാൾ  തുല്യരായതും.

ആ രാത്രി സ്വസ്ഥമെന്ന് കരുതി കിടന്നുറങ്ങിയപ്പോഴായിരുന്നു സ്വതന്ത്രജീവികളെല്ലാം ഒറ്റക്കെട്ടായി സംഘടിച്ച് ഭക്ഷണത്തിനും സുരക്ഷയ്ക്കുമായി കൂട്ടമായി പടയൊരുക്കം നടത്തിയത്. പശുവും പന്നിയും തോളോടുതോള് ചേർന്ന് കൈകോർത്തായിരുന്നു മുന്നേറിയത്.

പിറ്റേന്ന് രാവിലെ അവരെത്തി നോക്കിയപ്പോൾ വിശപ്പ് മൂത്ത കാവൽ നായ കടിച്ചു തിന്ന് പ്രജാപതി ഡിം.

കഥ കഴിഞ്ഞു.

കഥ

നിത്യ തുരങ്കങ്ങള്‍ 

സിയാഫ് അബ്ദുൾ ഖാദര്‍‌

വര: വി കെ അജിത് കുമാർ

പെണ്‍കുട്ടികള്‍ക്ക് അവരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല ,അന്നുമിന്നുമെന്നും .
“എനിക്കു പേടിയാവുന്നു ”
“എന്റെ ചുറ്റും എനിക്കറിയാത്ത ആരോ കൂടി നില്‍ക്കുന്നുണ്ട് ”
“എന്നെ അവരെന്തെങ്കിലും ചെയ്യും .നീ ഒന്നോടി വരുന്നുണ്ടോ “എന്നൊക്കെ
ചേച്ചി ഫോണ്‍ ചെയ്തു ചോദിച്ചതു കേട്ടു നൊന്തിട്ടാണ് പെണ്‍കുട്ടി
ഐ‌ആര്‍‌സി‌ടി‌സി ആപ്പില്‍ നിന്നു എങ്ങനെയെല്ലാമോ തപ്പിയെടുത്ത ഒരു
തീവണ്ടി ടിക്കറ്റുമായി റെയില്‍വേ സ്റ്റേഷനില്‍
ഓടിക്കിതച്ചെത്തിയത്.തീവണ്ടി പുറപ്പെടാന്‍ തയ്യാറായിരുന്നു .
അപ്പര്‍ ബെര്‍ത്ത് ആയിരുന്നു പെണ്‍കുട്ടിയുടേത്.
ആ കൂപ്പെയില്‍ അധികമാരും ഉണ്ടായിരുന്നില്ല.കറുത്ത തുണി കൊണ്ട് വായ
മൂടിക്കെട്ടിയ രണ്ടു സ്ത്രീകളും ഒരു പുരുഷനും. സ്ത്രീകളില്‍ ഒരാള്‍ക്ക്
പത്തു നാല്‍പ്പത് വയസ്സു തോന്നിക്കും . രണ്ടാമത്തവള്‍ പുരുഷന്റെ തോളില്‍
തല ചായ്ച്ച് മൊബൈലില്‍ എഫ് ബി നോക്കുന്നു .
“അവളുടെ പേര് നീലാംബരി എന്നാവും “.പെണ്‍കുട്ടിക്ക് ആള്‍ക്കാരുടെ മുഖച്ഛായ
നോക്കി ഓരോരോ പേരുകള്‍ കല്‍പ്പിച്ചു നല്‍കുന്ന ദുശ്ശീലമുണ്ട് . കയറി വന്ന
പാടെ മുതിര്‍ന്ന സ്ത്രീ ഒരു കറുത്ത റിബണ്‍ അവള്‍ക്ക് നേരെ നീട്ടി  പറഞ്ഞു
.
“മഹാനഗരത്തിലെ പെണ്‍ കൊലയില്‍ പ്രതിഷേധിച്ച് ഇന്ന് നഗരത്തില്‍ മഹാറാലി
നടക്കുന്നുണ്ട് .അവരോട് അനുഭാവമുള്ള  എല്ലാവരും കറുത്ത തുണി കൊണ്ട് വായ
മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് തീരുമാനം .”
അഭ്യര്‍ത്ഥനയെക്കാള്‍ അധികാരസ്വരം ആണവരുടേത് എന്നു തിരിച്ചറിഞ്ഞിട്ടും
അവള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല .ബലാല്‍സംഗം ചെയ്ത ശേഷം ഇരയെ പെട്രോള്‍
ഒഴിച്ച് ചുട്ടു കളഞ്ഞ ആ നിഷ്ഠൂരമായ കൊലയില്‍ പ്രതിഷേധം ഉണ്ടായിരുന്നത്
കൊണ്ട് അപരിചിതര്‍ പൊടുന്നനെ ആവശ്യപ്പെട്ടതിന്റെ അമ്പരപ്പ് മറച്ച് വെച്ച്
അവള്‍ തന്റെ വായ മൂടിക്കെട്ടി .
ചൂടുകാലമായത് കൊണ്ട്,പെട്ടെന്ന്  കയ്യില്‍ കിട്ടിയ ഒരു അയഞ്ഞ ഫ്രോക്ക്
ആണ് അവള്‍ ധരിച്ചിരുന്നത്. അനാവൃതമായിരുന്ന കാലുകള്‍ ചൂണ്ടിക്കാട്ടി
നാല്‍പ്പതുകാരി അവളോടു പറഞ്ഞു .
“കുറച്ചൊക്കെ നമ്മള്‍ പെണ്ണുങ്ങളും സൂക്ഷിക്കണം.
പെണ്ണ്പിടുത്തക്കാര്‍ക്ക് നമ്മളായിട്ട് വഴി മരുന്നിട്ട് കൊടുക്കരുത്
.നമ്മുടെ സംസ്കാരം കൂടി നമ്മള്‍ നോക്കണ്ടേ?”
തല വഴി മൂടിയ സാരിക്കിടയിലൂടെ തെളിഞ്ഞ അവരുടെ വയര്‍ ഒതുങ്ങിയതും
മനോഹരവുമാണല്ലോ എന്നാണോര്‍ത്തതെങ്കിലും തന്നോടല്ല ഇതൊന്നും പറയുന്ന
മട്ടില്‍ അവള്‍ തന്റെ മുലകള്‍ക്കിടയിലേക്ക് ഊതി  വിയര്‍പ്പാറ്റി .
“പേരെന്താ ?” മൊബൈലില്‍ നിന്നു മുഖമുയര്‍ത്തി പുരുഷന്‍ അവളോടു ചോദിച്ചു .
“ഹഹഹ്ഹ നോക്കിയെ ,പൊളി ” സന്തോഷത്തോടെ നീലാംബരി അയാളെ തോണ്ടിവിളിച്ച്
പറഞ്ഞു .”ബലാല്‍സംഗികളെ വെടിവെച്ച് കൊന്നു .ആഹാഹാ ,അത് പൊളിച്ച്.സൂപ്പര്‍
“അടക്കാനാവാത്ത സന്തോഷം അവരുടെ ശബ്ദത്തില്‍ തുളുമ്പി .
പുരുഷന്‍ എഴുന്നേറ്റ് തന്റെ വായ മൂടിയിരുന്ന തുണി അഴിച്ചു കളഞ്ഞു
ബങ്ഗ്രയുടെ ചുവടുകള്‍ വെച്ചു . നീലാംബരിയും അയാള്‍ക്കൊപ്പം ചേര്‍ന്നു.
പെണ്‍കുട്ടി ഒഴികെ മറ്റെല്ലാവരും തങ്ങളുടെ വായ മൂടിയിരുന്ന
തുണിക്കഷണങ്ങള്‍ അഴിച്ചു കളഞ്ഞു.പെണ്‍കുട്ടിക്ക് എന്തു കൊണ്ടോ  താന്‍
അതഴിക്കാന്‍ പാടില്ല എന്നാണ് തോന്നിയത് . എവിടെയോ ഒരനീതി കൂടി
നടന്നിരിക്കുന്നു ,
“നിങ്ങള്‍ക്കെന്താ ഒരു സന്തോഷം ഇല്ലാത്തത് ?”
ചോദ്യം കേള്‍ക്കാത്ത മട്ടില്‍ പെണ്‍കുട്ടി തന്റെ ബര്‍ത്തിലേക്ക് വലിഞ്ഞു
കയറി .അവിടെ കിടക്കുമ്പോള്‍ അവള്‍ക്ക് താഴത്തെ സംഭവങ്ങള്‍ കുറെക്കൂടി
വ്യക്തമായി കാണാമായിരുന്നു .മീനമാസത്തെ ഉഷ്ണം പുകയുന്ന ഏതാനും
മിനിറ്റുകള്‍ കടന്നു പോയി .
“ഇവളെ ഒക്കെയാ ആദ്യം ബലാല്‍സംഗം ചെയ്യേണ്ടത് ”
ചെറുപ്പക്കാരന്റെ രോഷം തിളക്കുന്ന ശബ്ദം കേട്ട് അവള്‍  താഴേക്കു നോക്കി
.” ഇനി തന്നെയെങ്ങാനുമാണോ ?” അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുടെ ചിത്രം
ചില്ലുതിരയില്‍ പുഞ്ചിരിക്കുന്നു !
മൊബൈലില്‍ എത്തി നോക്കിയ നീലാംബരിയോട് അയാള്‍ വിശദീകരിക്കുന്നു.
“ഓരോ അവളുമാരു എറങ്ങിക്കോളും.ബലാല്‍സംഗികളെ വെടി വെച്ചു കൊന്നത്
ശരിയായില്ല പോലും . ചുട്ടു കൊല്ലണം ഇവളെയൊക്കെ.ഒരു ചാംസ്കാരിക നായിക!
മനുഷ്യാവകാശം എന്നു പറഞ്ഞിറങ്ങിക്കൊള്ളും  ”
പെണ്‍കുട്ടിക്ക് മനംപുരട്ടി .കെട്ടതെന്തൊ കേട്ടതു കൊണ്ടാണെന്ന് തോന്നുന്നു  .
“ഇതൊക്കെ സ്ത്രീകളെ പറയിപ്പിക്കാന്‍ ഉണ്ടായതാ,ഈ ലോകത്ത്   പെണ്ണായി
ജനിച്ച എല്ലാവര്‍ക്കും ആ ബലാല്‍സംഗികളെ കൊന്നതില്‍ സന്തോഷമേ ഉണ്ടാവൂ, ദേ നോക്കിയേ ഇവളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്  ബിരിയാണി ഓഫര്‍ ചെയ്തിട്ടുണ്ട് ഒരു ചേച്ചി ”
“ഒരു ബിരിയാണി തിന്നാന്‍ തോന്നുന്നു ”
“കൊതിയന്‍ !” ഒരു കള്ളച്ചിരിയോടെ നീലാംബരി അയാളുടെ കവിളില്‍ നുള്ളി. പ്രണയ പരവേശം കൊണ്ടെന്നപോലെ അയാളിലേക്ക് തല ചായ്ച്ചു.
“എയര്‍ പില്ലോ, തല്‍ക്കാണി “എന്നു വിളിച്ച് കൊണ്ട് രണ്ടു
വടക്കേയിന്ത്യന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നു .
“തല്‍ക്കാണി ബെനോ ചേട്ടാ “ഒരുത്തി ചെറുപ്പക്കാരന് നേരെ തലയിണ നീട്ടി. മറ്റവള്‍ മുന്നോട്ട് കടന്നു പോകുകയും ചെയ്തു. പഴയതെങ്കിലും വൃത്തി ഉള്ള
ഗാഗ്ര ചോളി ധരിച്ച ആ പെണ്‍കുട്ടിയുടെ മൂക്കുത്തി കാണാന്‍ നല്ല ഭംഗി ഉണ്ട്. ലോഹം കണ്ടുള്ള വളകളും പാദസരവും ആഭരണങ്ങളും ധരിച്ച അവളുടെ പേര്
തീര്‍ച്ചയായും “പായല്‍” എന്നു തന്നെയാവും.
“ആ ,എവിടെ? നോക്കട്ടെ ”
“നല്ല തല്‍ക്കാണി ചേട്ടാ ..”
“ഇതില്‍ കൂടെ കിടക്കാന്‍ എന്തു തരണം ?” ..
“വെറും 150 മാത്രം ചേട്ടാ” വഷളന്‍റെ ദുസ്സൂചന പായലിന് മനസ്സിലായില്ല
എന്നു തോന്നുന്നു .
“എവിടാ കൊച്ചിന്റെ നാട്. ഘര്‍ കഹാം ഹേ ?കിദര്‍ ?”
പായല്‍ വടക്കേയിന്ത്യയിലെ ഏതോ നഗരത്തിന്റെ പേര് പറഞ്ഞു.
“സീ, ദീസ് പീപ്പിള്‍ ടൂ ഫ്രം ദി പ്ലേസ് ഓഫ് റേപ്പിസ്റ്റ്സ്
“നീലാംബരിക്കു കിളുകിളാ ചിരിക്കാന്‍  തമാശ ഒന്നും വേണമെന്നില്ല.
പായലിന്റെ കയ്യില്‍ വേറെയും എന്തെല്ലാമോ ഉണ്ടായിരുന്നു. അവളെ അടുത്ത്
വിളിച്ചിരുത്തി, അയാള്‍ മൊബൈല്‍ മാഗ്നിഫയിങ് ഗ്ലാസ്സ് എടുത്ത് തന്റെ
മൊബൈലില്‍ എന്തോ നോക്കുന്നു.
തീവണ്ടി ഒരു തുരങ്കത്തിലേക്ക് കയറി. ബോഗിയിലാകേ ഇരുള്‍
പടര്‍ന്നു. നിലവിളിയുടെ  ഒരു ചുരുള്‍ തന്റെ ചെവി തുളച്ചെന്നു
പെണ്‍കുട്ടിക്ക് തോന്നി.
അത് തന്റെ ചേച്ചി ആണോ ?
അവള്‍ ആധി  പിടിച്ച് ചാടിയിറങ്ങി ലൈറ്റ് ഇട്ടു .
വെളിച്ചം പരക്കുമ്പോള്‍ പായല്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. അയാള്‍
പിടിക്കപ്പെട്ട ഒരാളെ പോലെ പരിഭ്രമത്തോടെ എന്തോ പരതുന്നതായി ഭാവിച്ചു.
പെണ്‍കുട്ടി  തന്റെ വിരലുകള്‍ ഒരു തോക്കിന്റെ ഇരട്ടക്കുഴല്‍  എന്ന വണ്ണം
അയാളുടെ തൊണ്ടക്കുഴിയില്‍ കുത്തിയിറക്കി.
“എന്റെ പേര് ചോദിച്ചില്ലേ താന്‍ നേരത്തെ, എന്റെ പേര് നിത്യ എന്നാണ് കേട്ടോടാ ”
അയാള്‍ രണ്ടു കയ്യും മേലോട്ടു ഉയര്‍ത്തി പരിഭ്രാന്തനായി പറഞ്ഞു. “ഞാന്‍
ഒന്നും ചെയ്തില്ല.”
അത് ശ്രദ്ധിക്കാതെ അപായച്ചങ്ങല വലിക്കുന്നേരം, കിലുകിലാ വിറക്കുന്ന
പായലിന്റെ ശരീരം തന്നോടു ചേര്‍ത്ത് പിടിച്ച് നിത്യ പറഞ്ഞു .
“പേടിക്കണ്ട, പേടിക്കണ്ട. ഞാന്‍ ഉണ്ട് നിൻ്റെ കൂടെ !”

കവിത

മോഷണം

കളത്തറ ഗോപന്‍ 

വര: രാജേഷ് രാഘവൻ

 

മിക്കവാറും അയാളുടെ പകൽ തുടങ്ങുന്നത് രാത്രിയിലായിരിക്കും
ബാഗിൽ റ്റൂൾസ് ഭദ്രമായ്
എടുത്തു വച്ചു. ക്ലോറോഫോം, കത്തി,
മുളകുപൊടി എന്നിവ എടുത്തു വച്ചോയെന്ന്
ഒന്നൂടെ ഉറപ്പു വരുത്തി.
ഈയ്യൊരു മോഷണം കൊണ്ടെല്ലാം നിറുത്തണമെന്നും
മറ്റെവിടെയെങ്കിലും ചെന്ന് ജീവിക്കണമെന്നും
ആലോചിച്ച് ഗ്ലൗസിട്ട്, ഷൂയിട്ട്
മാസ്ക് വച്ച് ,ഫോൺ സൈലന്റിലാക്കി.
മാപ്പെടുത്ത് സ്ഥലം തീർച്ചയാക്കി,
ആരോ ഫോൺ വിളിച്ചെങ്കിലും
അതെടുക്കാതെ ഒരു ലാർജ് വിസ്കിയും കൂടെ കുടിച്ച് ,മുറിയുടെ ലൈറ്റണച്ച് ,
വാതിൽ പൂട്ടി ,തലയിൽ തൊപ്പി വച്ച്
ചെറിയ ചാറ്റൽ മഴയത്ത് അയാൾ ബൈക്കോടിച്ച്, വളരെക്കാലമായി
സ്കെച്ചു ചെയ്ത വീട്ടിലെത്തി.

അയാൾ പതുങ്ങിപ്പതുങ്ങി ചെന്ന്
പിന്നിലെ ജനാലയുടെ കമ്പിവളച്ച് അകത്തുകയറി ആരുമില്ലെന്ന് തീർച്ചപ്പെടുത്തി , എവിടെയായിരിക്കും
ആഭരണങ്ങളും ക്യാഷെന്നും പരതുന്ന വേളയിൽ,അകത്ത് അരണ്ട നീലവെളിച്ചത്തിൽ
നഗ്നമായ രണ്ടുടലുകൾ
ആഴത്തിലേക്ക് കുതിക്കുന്നു.
ആ സുന്ദരമായ കാഴ്ച അയാൾ
ഏറെനേരം നോക്കി നിന്നു.
പിന്നെ,ഒച്ചയുണ്ടാക്കാതെ വാതിൽചാരി ,
മുറ്റത്തേക്കിറങ്ങി ബൈക്ക് പതുക്കെ ഉരുട്ടികൊണ്ട് മെയിൻ റോഡിലേക്കിറങ്ങി എങ്ങോട്ടോ ഓടിച്ചുപോയി.

ലേഖനം

 

ദളിതർ ജാതി വലയത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്ന കാലം
വി കെ അജിത്‌കുമാര്‍

ഇന്ത്യയില്‍ ദളിത്‌ വിമോചനത്തിന്റെ ആശയപരവും പ്രയോഗികവുമായ വെളിച്ചം നിലനില്ക്കുന്നത് അംബേദ്‌കറിലാണ്. അതുകൊണ്ടുതന്നെ ദളിത്‌ അവസ്ഥയെ അംബേദ്‌കറിന് മുന്പ് എന്ന് ശേഷമെന്നും കാലഗണന നടത്താറുണ്ട്‌.പോസ്റ്റ്‌ അംബേദ്‌കര്‍ കാലഘട്ടത്തില്‍ വീണ്ടും പ്രധാന തിരുത്തല്‍ ഉണ്ടായത് മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ‍ വരവോടെയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രിയ ഭുപടത്തില്‍ ജാതീയമായ ധ്രുവീകരണം അതിശക്തമായതും ജാതി രാഷ്ട്രീയത്തിന്റെ പുതിയ സമവാക്യങ്ങള്‍ രുപപ്പെട്ടുവന്നതും ആ കാലയളവിലായിരുന്നു.സംവരണം എന്നത് ഒരു പൊതു ചർച്ചാവിഷയമായി മാറുകയും ദളിതുകള്‍ അവരെ ഏതെല്ലാം രിതിയില്‍ പൊതുധാരയില്‍ നിന്നും മാറ്റിനിർത്തുന്നു എന്ന തിരിച്ചറിവിലേക്ക് എത്തുകയും ചെയ്തത് ഈ കാലത്തിന്റെ അന്തരഫലമാണ്.ആ തിരിച്ചറിവാണ് ആദ്യ പട്ടിക വിഭാഗം രാഷ്ട്രപതിയായി മാറിയിട്ട് പോലും കെ ആര്‍ നാരായണന് സ്ത്രീ ദളിത്‌ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വേർതിരിവിനെ ”ആദരണീയമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിളി” എന്ന് പറയാന്‍ പ്രേരിപ്പിച്ചത്.(2002 ലെ റിപബ്ലിക് ദിന സന്ദേശം)
പുതിയ ഇന്ത്യയില്‍ പട്ടേലിനെയും വിവേകാനന്ദനെയും കാവിയുടെ നിഴലില്‍ വീക്ഷിക്കുവാന്‍ വിധിക്കപ്പെടുമ്പോള്‍ അടുത്ത ഇത്തരത്തിലുള്ള ഇരയായി അംബേദ്‌കറും മാറ്റപ്പെടും എന്ന തിരിച്ചറിവില്‍ ദളിതുകള്‍ എത്തേണ്ടതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടന നല്കിയ ജനാധിപത്യ(രാഷ്ട്രിയ) സ്വാതന്ത്ര്യത്തിന്റെ‍ ഏറ്റവും വലിയ രക്തസാക്ഷിയായി അംബേദ്‌കര്‍ വ്യാഖ്യനിക്കപ്പെടുകയും മണ്ഡലനന്തര കാലത്തുണ്ടായ ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ച അങ്ങനെ പൂര്ത്തിയാകുകയും ചെയ്യും.അതിനാല്‍ ദളിതുകള്‍ അവരെത്തന്നെ അഭിസംബോധന ചെയ്യുമ്പോള്‍ ചരിത്രങ്ങള്‍ വിസ്മരിക്കരുത്.അത് നല്കാവുന്ന ഊർജ്ജവും ബലവും പുതിയ ചെറുത്തുനില്പ്പി്ന് അവരെ ശക്തരാക്കും.അത്തരത്തിലുള്ള ചരിത്രങ്ങളിൽ ജാതീയത മുകളില്‍ വരുകയും – ഭരണഘടനാപരമായ പരിരക്ഷ ഒരു നിഴലായി നില്ക്കു കയും ചെയ്യുന്നതാണെങ്കില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കുറെ കൂടി എളുപ്പമാകുന്നു. അതിപാർശ്വവല്ക്കരണം അനുഭവിക്കുന്ന ദളിതുകള്‍ മധ്യവര്ഗ്ഗത്തിലേക്ക് കുതിക്കുമ്പോള്‍ വിദ്യാഭ്യാസം എന്ന പ്രക്രിയ അനിവാര്യമായി മാറുന്നു.ഇത് തിരിച്ചറിയുമ്പോള്‍ മുതല്‍ അവര്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലൂള്ള ഒരു യാത്രയാണ് ഓം പ്രകാശ് വാല്മി്കി നടത്തിയതും.


‘ഈ അനുഭവങ്ങൾക്ക് സൃഷ്ടിപരമായ സാഹിത്യത്തില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ സാധിക്കില്ല’. ഓം പ്രകാശ് വാല്മികി ‘ജൂഠന്‍’(Joothan) എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഇങ്ങനെ സുചിപ്പിക്കുമ്പോള്‍ സമുഹത്തിന്റെറ പൊതു ഇടപെടലുകളില്‍ നിന്നും ബോധപൂർവം അകറ്റിനിർത്തപ്പെട്ട ഒരു വിഭാഗം അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അതിനുപരി മാനസിക സമ്മര്‍ദ്ദങ്ങളും രേഖപ്പെടുത്തുവാന്‍ ഭാഷയെന്ന കേവല മാധ്യമത്തിനു സാധിക്കുകയില്ല എന്നുകൂടി ഓർമ്മിപ്പിക്കുകയായിരുന്നു.
‘ജൂഠന്‍’ പ്രതിനിധാനം ചെയ്യുന്നത് ആത്മകഥാസാഹിത്യ ശാഖയാണെങ്കിലും സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ -അല്ലെങ്കില്‍ അംബേദ്കര്‍ പ്രതിഘടനയുള്ള ഇന്ത്യയില്‍ ദളിതുകള്‍ അനുഭവിക്കുന്ന ചൂഷണവും വ്യഥകളും വിവരിക്കുന്ന ചരിത്രരേഖയായിഇതിനെ വായിക്കുന്നതാവും കുടുതല്‍ യുക്തിസഹം.
ഭാഷാപരമായി ജൂഠന്‍ എന്ന ഹിന്ദി വാക്കിന് സമാനമായ മലയാള പദം എച്ചില്‍(food left on eaters plate) എന്നതാണ്. ദളിതുകളുടെ പൊതു അവസ്ഥ സൂചിപ്പിക്കുവാന്‍ ഇതിലുംശക്തമായ ഒരു പദം കണ്ടെത്താനും പ്രയാസമാണ്. വിദ്യാഭ്യാസം പൊതുജീവിതം സാംസ്ക്കാരിക വേദികള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും സമുഹത്തിന്റെ മുകള്‍ തട്ടിലുള്ള ഒരു വിഭാഗം മാത്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടനാപരമായ പിന്തുണ ഉണ്ടായിട്ടു കൂടി ഈ സ്ഥാനങ്ങളിലെത്താന്‍ അനുഭവിച്ച ദുരിത വിവരണങ്ങളാണ് ഓം പ്രകാശ്‌ വാല്മി്കി ജൂഠനിലുടെ നല്കിയത്.പി സായ്‌നാഥ് സുചിപ്പിച്ചത് പോലെ ‘പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ ജനതയെക്കാള്‍ എണ്ണപ്പെരുപ്പമുള്ള ഇന്ത്യന്‍ ദളിതുകള്‍’അനുഭവിക്കുന്ന അടിച്ചമർത്തലുകൾ .
പഠനത്തിന്റെ അംബേദ്‌കര്‍ വ്യാഖ്യാനം അതിശക്തമായി പിന്തുടർന്ന വാല്മികിയുടെ വിദ്യഭ്യാസഘട്ടം നിലനില്പ്പിനന്റെ ഒറ്റയാള്‍ സമരങ്ങള്‍ ആയിരുന്നു. ‘എപ്പോഴെങ്കിലും ആരെങ്കിലും തന്റെ മഹാനായ ഗുരു(അധ്യാപകന്‍) എന്ന വ്യക്തിയെപ്പറ്റി പറയുവാന്‍ തുടങ്ങുമ്പോള്‍ എന്നിലെത്തുന്നത് കാണാന്‍ കൊള്ളാവുന്ന ആൺപിള്ളാരെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗിക സംതൃപ്തി വരുത്തുന്ന അധ്യാപകരെയാണ്.”എന്ന് ഒരിടത്ത് അദ്ദേഹം സുചിപ്പിക്കുന്നു. ദളിത്‌ പക്ഷവായനയില്‍ ഓരോ വിദ്യാലയവും ഓരോ പട്ടിക്കൂടുകള്‍ തന്നെയാണ്. ഇതിന്റെ് വ്യക്തമായ തെളിവാണ് വാല്മികി നല്കി്യത്. ചുഹര എന്ന ജാതിയില്‍ ജനിച്ച ഓം പ്രകാശ്‌ എന്ന ബാലനെ കുലത്തൊഴിലായ തോട്ടിപ്പണിക്ക് വിധേയനാക്കുന്ന ഹെഡ് മാസ്റ്ററും ശരിയായ അധ്യാപനത്തിന്റെ പൊരുള്‍ മനസിലാക്കാത്ത അധ്യാപകരും നല്കിയ അനുഭവങ്ങളാണ് ഓം പ്രകാശിലെ ഗുരു സങ്കല്പത്തെ ഇങ്ങനെ രൂപപ്പെടുത്തിയത്. ഒടുവില്‍ ‘ആരാണ് ഈ ദ്രോണാചാര്യന്‍ ? എന്റെ മകനെക്കൊണ്ട് മുറ്റമടിപ്പിക്കുന്നവന്‍’ എന്നുള്ള ഒരലർച്ചയായി അത് മാറിയത് മകന്റെെ അവസ്ഥയില്‍ രോഷം പൂണ്ട നിരക്ഷരനായ അച്ഛന്‍ സ്കുളിലേക്ക് കടന്നു വന്നപ്പോഴാണ്. അക്ഷരങ്ങള്‍ നല്കുന്ന പുതിയ ലോകത്തിന്റെ സാധ്യത ആ പിതാവിനു വ്യക്തമായിരുന്നതിനാല്‍ പരാജിതനായി പിന്മാറാതെ പൊരുതി മുന്നേറാനുള്ള ആഹ്വാനമായി അത് മാറി. അമേരിക്കന്‍ അടിമയായ ഫ്രെഡ്രിക് ഡഗ്ലസിന്റെ അടിമജിവിത വിവരണം എന്ന ആത്മകഥയില്‍ കാണുന്നതും സമാനമായ അനുഭവമാണ് അവിടെ കാര്യങ്ങള്‍ കുറെകൂടി കഠിനമായിരുന്നു എന്നുമാത്രം എന്നിരുന്നാലും വിദ്യാഭ്യാസം നല്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലത മനസിലാക്കണമെങ്കില്‍ അതില്‍ നിന്നും ബോധപുര്വ്വം അത്രമാത്രം അകറ്റിനിർത്തപ്പെടണം എന്ന രേഖപ്പെടുത്തലാണ്‌ രണ്ടിടത്തുമുള്ളത്.
ദളിത്‌ സാഹിത്യ പ്രസ്ഥാനത്തില്‍ ആത്മകഥാംശമുള്ള രചനകൾക്ക് പ്രാധാന്യമേറെയുണ്ട്. ആത്മകഥ സാഹിത്യത്തിലെ സുചികയിലുള്ളത് പോലെ പൊങ്ങച്ചം പറച്ചിലിന്റെയും അതിലൂടെയുള്ള ആത്മഹര്ഷത്തിന്റെയും വിവരണങ്ങളല്ല ദളിത്‌ ആത്മകഥകള്‍. അത് പൊതുസമുഹത്തിലെ വ്യക്തിദുരന്തങ്ങളാകുന്ന, അടിച്ചമർത്തപ്പെട്ടവന്റെ ശക്തമായ പ്രതിഷേധങ്ങളാകുന്നു. അവിടെ ഉത്തമ പുരുഷ സർവനാമം അതിന്റെ പ്രതിലോമ സൗന്ദര്യത്തില്‍ നിലകൊള്ളുന്നു. പ്രതിഷേധങ്ങള്‍ പോലെയുള്ള ഒരു സമര മാർഗ്ഗമാണ് ദളിത്‌ ആത്മകഥകള്‍. അക്ഷരങ്ങളുടെ കറുപ്പിലൂടെ അതിലും കറുത്തതായ ഒരു കാലത്തെ വാല്മികി വരച്ചു ചേർക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വാല്മികി സമവായത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമാണ്. ഒരു ദളിതനെ സംബന്ധിച്ച് പുരോഗതിയുടെയോ സാമുഹിക അംഗീകാരത്തിന്റെയോ തലത്തിലെത്തണമെങ്കില്‍ അതിന് പഠനം മാത്രമേയുള്ളൂ മാര്ഗ്ഗ മെന്ന അംബേദ്‌കറിസ്റ്റ് ചിന്ത തന്നെയാണ് വല്മികിയും അനുവര്ത്തിച്ചത്. ഒരു ഫാക്ടറിയില്‍ അപ്രന്റീസ് ആയി ജോലി ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് അഭിപ്രായപ്പെട്ടത് ഒടുവില്‍ നീ ജാതിയില്‍ നിന്നും വിടുതല്‍ പ്രാപിച്ചിരിക്കുന്നുവെന്നാണ്.എന്നാല്‍ അങ്ങനെ ഒരു പരിപൂര്ണതയിലെത്താൻ വാല്മികിയുടെ അനുഭവസമ്പത്ത് അനുവദിക്കുന്നില്ല. ഒരാൾക്കും സമൂഹത്തിലെ ഉന്നത കുലജാതര്‍ സൃഷ്ടിച്ച ജാതിയെന്ന വല ക്കണ്ണിയില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കുകില്ല.കാരണം അത് ഒരാളെ ജനനം മുതല്‍ മരണം വരെ പിന്തുടരുന്ന ഒന്നാണ്.ഓം പ്രകാശ്‌ വാല്മികി കണ്ടെത്തുന്നത് ഇത്തരത്തിലാണ്.
പൊതുവേ സാഹിത്യമാന്ദ്യത അനുഭവിക്കുന്ന ഹിന്ദിയില്‍ ദളിത്‌ എഴുത്തുകള്‍ മാറാത്ത സാഹിത്യത്തിലെ പോലെ ശക്തമാണ്. വല്മികിയും മോഹന്‍ ദാസ് നമിസ്രായയും സൂരജ് പാല്‍ ചൌഹാനും നല്കിയ ആത്മകഥകള്‍ ഇതിന് തെളിവുകളാണ്..ഓർമ്മകളും യാതനകളും കലർപ്പില്ലാതെ നല്കിയ ഈ പുസ്തകങ്ങള്‍ പലതും വായനക്കാരെ വല്ലാതെ ആകർഷിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.